എട്ടുകിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsകഞ്ചാവുമായി കുണ്ടറയിൽ പിടിയിലായവർ
കൊല്ലം: ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കൊല്ലത്ത് ചില്ലറ വിൽപനക്ക് തയാറെടുക്കുകയായിരുന്ന സംഘത്തെ കുണ്ടറ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. എട്ട് കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കേരളപുരം ഇ.എസ്.ഐക്ക് സമീപം സ്വകാര്യബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
പെരുമ്പുഴ ചിറയടി രാജു ഭവനിൽ രഞ്ജിത്ത് (32), താമരക്കുളം സെനിൻ ഭവനിൽ സെനിൽ രാജ് (43), ആന്ധ്രപ്രദേശ് സ്വദേശിനി ലക്ഷ്മി (37), ചാരുമ്മൂട് കരിമുളയ്ക്കൽ പുത്തൻപുരയിൽ അരുൺ (40) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻമാർഗം കൊല്ലത്തെത്തിയ സംഘം, കഞ്ചാവ് പെരുമ്പുഴ സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ സൂക്ഷിച്ച് ചില്ലറ കച്ചവടം ആരംഭിക്കാനായിരുന്നു പദ്ധതി.
ഡാൻസാഫ് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുണ്ടറ എസ്.എച്ച്.ഒ രാജേഷ്, റൂറൽ ഡാൻസാഫ് എസ്.ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ. പ്രദീപ്, അതുൽ, എ.എസ്.ഐ. ജയകുമാർ, സി.പി.ഒ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.