പട്ടാഴി ക്ഷേത്രത്തിൽനിന്നും സ്വർണം കൊണ്ടുപോയത് നടപടിക്രമം പാലിക്കാതെ
text_fieldsപത്തനാപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പട്ടാഴി ദേവീക്ഷേത്രത്തിൽ നിന്നും സ്വർണ ഉരുപ്പടികൾ ദേവസ്വം ഉദ്യോഗസ്ഥർ കൊണ്ടുപോയത് നടപടി ക്രമം പാലിക്കാതെയെന്ന് ഭക്തജനങ്ങൾ. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇവിടെ നിന്നും സ്വർണ ഉരുപ്പടികൾ കൊണ്ടുപോയത്.
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഉപയോഗ ശൂന്യമായ സ്വർണം ഉരുക്കി ബാറുകളാക്കി റിസർവ് ബാങ്കിൽ സൂക്ഷിക്കണമെന്ന ഹൈകോടതി മുൻ ഉത്തരവിനെ തുടർന്നാണ് സ്വർണം കൊണ്ടുപോയതെങ്കിലും നടപടിക്രമങ്ങൾ പാലിക്കാതെ കൊണ്ടുപോയതിൽ കടുത്ത ആശങ്കയാണ് ഭക്തജനങ്ങൾക്കുള്ളത്.
പി.ഡി ദേവസ്വം ആയ പട്ടാഴി ദേവിക്ഷേത്രത്തിലെ വരുമാനവും സ്വർണ ഉരുപ്പടികളും പട്ടാഴി ദേവീക്ഷേത്രത്തിൽ തന്നെ ഉപയോഗിക്കണം എന്നതാണ് പി. ഡി. ദേവസ്വം ബില്ലിലെ വ്യവസ്ഥ. മീന മാസത്തിലെ പൊന്നിൻ തിരുമുടി എഴുന്നള്ളിച്ച് ഇറക്കി വെക്കുമ്പോൾ, ഭക്തർ ദേവിക്ക് സ്വർണമാല വഴിപാടായി സമർപ്പിക്കാറുണ്ട്. ഇത് അഞ്ച് മുതൽ പത്തു പവൻ വരെ ഉണ്ടാകാമെന്നാണ് പറയപ്പെടുന്നത്. ദേവസ്വം ഓഫീസിൽ തൂക്കം ബോധ്യപ്പെടുത്തി നൽകുകയാണ് പതിവ്.
എല്ലാവർഷവും പൊന്നിൻ തിരുമുടി എഴുന്നള്ളിപ്പ് സമയത്ത് ഇത് ദേവിക്ക് ചാർത്തണമെന്ന വ്യവസ്ഥയോടെയാണ് ഭക്തർ സ്വർണമാലകൾ നൽകിയിട്ടുള്ളതും. ഇവിടുത്തെ സ്വർണം ഇവിടെ വെച്ച് തന്നെ ഉരുക്കണമെന്ന് തന്നെയാണ് നിയമവും. സ്വർണ ഉരുപ്പടികൾ റിസർവ് ബാങ്കിലേക്ക് മാറ്റിയാൽ, അതിന്റെ തൂക്കവും മറ്റും കൃത്യമായി ഭക്തജനങ്ങളെ ബോധ്യപ്പെടുത്തണമെന്നിരിക്കെ ഒരു നടപടി ക്രമവും പാലിക്കാതെ ഉദ്യോഗസ്ഥർ സ്വർണം കൊണ്ടുപോയെന്നാണ് ഭക്തർ പറയുന്നത്.
എന്തൊക്കെയാണ് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുപോയതെന്നോ എത്ര സ്വർണ്ണം കൊണ്ടുപോയെന്നോ അറിയില്ലെന്ന് ആചാര അനുഷ്ഠാന കമ്മിറ്റി ചെയർമാൻ കുറ്റൂർ ഗോപാല കൃഷ്ണൻ പറഞ്ഞു. ഭക്തജനങ്ങളെ ബോധ്യപ്പെടുത്താതെ സ്വർണ്ണം കൊണ്ടുപോയതിൽ ആശങ്കയുണ്ട്.കാലപ്പഴക്കം കാരണം പൊന്നിൻ തിരുമുടിക്കുണ്ടായ കേടുപാടുകൾ മാറ്റാൻ നടപടി സ്വീകരിക്കാത്ത ദേവസ്വം വകുപ്പ്, സ്വർണം കൊണ്ടുപോകാൻ തിടുക്കംകാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതായാലും, ക്ഷേത്രത്തിലെ സ്വർണം ഉരുക്കി ബാറുകളാക്കിയല്ല കൊണ്ടുപോയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇത് മറ്റൊരു തട്ടിപ്പിന് കാരണമായേക്കാമെന്നും ഭക്തജനങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ വരുംദിവസങ്ങളിൽ ദേവസ്വം ബോർഡ് വ്യക്തത വരുത്താൻ തയാറാകേണ്ടി വരും.


