പ്രതീക്ഷകൾക്ക് ചിറകായി ‘ഹോപ്’
text_fieldsകൊല്ലം: വിദ്യാഭ്യാസം പാതിയിൽ മുറിഞ്ഞുപോകുന്ന കൗമാരക്കാരെ കൈപിടിച്ചു നടത്താൻ കേരള പൊലീസ് നടപ്പാക്കിയ ‘ഹോപ്’ പദ്ധതി വിജയകരമായി മുന്നോട്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നവർക്കും സൗജന്യ തുടർ പഠനത്തിന് സൗകര്യമൊരുക്കി സഹായം നൽകുന്ന പദ്ധതിയാണ് ഹോപ്. പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷനാണ് ‘ഹോപ്’ നടപ്പാക്കുന്നത്. കൊല്ലം സിറ്റി പൊലീസിന്റെ കീഴിൽ മാത്രം കഴിഞ്ഞ വർഷം 54 കുട്ടികളാണ് തുടർപഠന സഹായം തേടി ‘ഹോപ്പിൽ’ പ്രതീക്ഷവെച്ച് പഠനവഴിയിൽ മുന്നേറുന്നത്.
പ്ലസ് ടുവിന് തുടർപഠനയോഗ്യത നേടാതെ പോയവരും പാതിവഴിയിൽ നിർത്തിയവരും ഉൾപ്പെടുന്ന ബാച്ചിന് കൊല്ലം ചാമക്കടയിലെ പഴയ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡി ക്യാപ് സെന്റർ ഒരു ‘കുട്ടി വിദ്യാലയം’ തന്നെയായി മാറി. മൂന്ന് പേർ സംസ്ഥാന സിലബസിൽ പ്ലസ് ടു സയൻസിൽ ഏതാനും വിഷയങ്ങളിൽ പിൻതള്ളിപോയവരായിരുന്നു. ഇവർക്ക് കൃത്യമായി ക്ലാസുകൾ നൽകി പൊലീസ് സംഘം കൂടെ നിന്നപ്പോൾ മൂന്നുപേരും ഇത്തവണ പരീക്ഷയെഴുതി വിജയം കൈവരിച്ചു. ബാക്കിയുള്ള 51 പേർക്കും പ്ലസ് ടു തുല്യത പഠനമാണ് നൽകുന്നത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിന്റെ (എൻ.ഐ.ഒ.എസ്) ഹ്യുമാനിറ്റീസ് പ്ലസ് ടു കോഴ്സിൽ ഇവർക്കായുള്ള ക്ലാസുകൾ മുന്നേറുകയാണ്. പലവിധ പ്രശ്നങ്ങൾ കാരണം പലരും ഏതാനും വർഷം മുമ്പ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുപോയവരാണ്. ഇക്കൂട്ടത്തിൽ, മുമ്പ് കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് പോയവർ പോലുമുണ്ട്. പഠനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് അവർ.
പ്ലസ് ടു പഠിച്ചുപൂർത്തിയാക്കാനാകാതെ, പലവിധ ജോലികളിലേക്ക് തിരിഞ്ഞവരും പഠനം പൂർത്തിയാക്കാൻ പൊലീസിന്റെ സഹായം സ്വീകരിച്ച് നിലവിലെ ബാച്ചിലുണ്ട്. ഇവർക്കുൾപ്പെടെ 16 പേർക്ക് ഓൺലൈൻ ക്ലാസുകളും ‘ഹോപ്’ ലഭ്യമാക്കുന്നു. നാഷനൽ ഓപൺ സ്കൂളിന്റെ ഷെഡ്യൂൾ പ്രകാരം മാർച്ചിൽ പരീക്ഷ എഴുതാമായിരുന്നെങ്കിലും അത് ഒഴിവാക്കി, പഠനം മികച്ചരീതിയിൽ പൂർത്തിയാക്കി ഒക്ടോബറിൽ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് സംഘം.
ഓപൺ സ്കൂൾ തുല്യത പ്ലസ് ടു ക്ലാസ് തെരഞ്ഞെടുക്കുന്നവർക്ക് 2250 രൂപ രജിസ്ട്രേഷൻ ഫീസ്, 1500 രൂപ ഫീസ് എന്നിവയെല്ലാം പൊലീസ് ഹോപ് ഡിവിഷൻ തന്നെ അടക്കും. ഐ.ഡി കാർഡ് ഉൾപ്പെടെ സൗജന്യമായാണ് നൽകുന്നത്. ചാമക്കടയിലെ പഠനകേന്ദ്രത്തിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ മുതൽ ഉച്ച വരെ ആണ് ക്ലാസുകൾ നടക്കുന്നത്. ക്ലാസെടുക്കാൻ സ്ഥിരമായി അധ്യാപികയുമുണ്ട്.
മുമ്പ് ഹോപിലൂടെ പഠിച്ചിറങ്ങിയ രണ്ട് പേരും പഠനത്തിന് സഹായം നൽകുന്നു. ഓൺലൈൻ ക്ലാസ് വഴി പഠിക്കുന്നവർ ഞായറാഴ്ച ഇവിടെ എത്തണം. സാധാരണ സ്കൂളിലേത് പോലെ, പഠനം കൂടാതെ പലവിധ ആഘോഷങ്ങളും സ്റ്റഡി ടൂറും ഉൾപ്പെടെ വിദ്യാർഥി ജീവിതത്തിന് മുതൽക്കൂട്ടാകുന്ന എല്ലാവിധ പിന്തുണയും ഹോപിലൂടെ നൽകുന്നുണ്ട്. കുട്ടികൾക്ക് കൗൺസിലിങ് വഴി മാനസിക പിന്തുണയും മോട്ടിവേഷൻ ക്ലാസുകളും വ്യക്തിത്വ വികസനത്തിന് സഹായവുമെല്ലാം ഇവിടെ ലഭിക്കും.
ഇത്തവണ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങിയപ്പോൾ തന്നെ 18 എണ്ണമെത്തി. ഇതിൽ കൂടുതലും പ്ലസ് ടുവിന് വിവിധ വിഷയങ്ങൾ നഷ്ടപ്പെട്ടുപോയവരാണ്. പത്തോളം പേർ സയൻസിൽ തന്നെയുണ്ട്. ഇത്തവണ കൂടുതൽ കുട്ടികൾ കോഴ്സിന് എത്തുമെന്ന കണക്കുകൂട്ടലിലാണ് ‘ഹോപ്’ അധികൃതർ. അങ്ങനെയെങ്കിൽ സ്ഥല സൗകര്യത്തിനായി എ.ആർ ക്യാമ്പിലേക്ക് ക്ലാസ് മാറ്റാനും സാധ്യതയുണ്ട്.
കൂടാതെ, സയൻസ് ബാച്ചുകാർ കൂടുതലുള്ളത് കണക്കിലെടുത്ത് സിറ്റിയിൽ ജോലി നോക്കുന്ന പൊലീസുകാർ തന്നെ അധ്യാപകരായി എത്താനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സോഷ്യൽ പൊലീസ് ഡിവിഷന് ലഭിക്കുന്ന ഫണ്ട്, സഹായമായി ലഭിക്കുന്ന സി.എസ്.ആർ ഫണ്ട്, പൊലീസ് സൊസൈറ്റി നൽകുന്ന സഹായം എന്നിവയാണ് ‘ഹോപ്’ പദ്ധതിയെ മുന്നോട്ടുനയിക്കുന്നത്. കഴിഞ്ഞ വർഷം വരെ 20 വയസായിരുന്ന പ്രായപരിധി ഇത്തവണ 21 ആയി ഉയർത്തിയിട്ടുണ്ട്. കൊല്ലം സിറ്റിയിൽ കമീഷണർ കിരൺ മാത്യുവിന്റെ മേൽനോട്ടത്തിൽ നോഡൽ ഓഫിസറായ അഡീഷനൽ എസ്.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലാണ് ‘ഹോപ്’ മുന്നേറുന്നത്.