സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീടിന് നാശം; വളർത്തുനായ ചത്തു
text_fieldsപൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നു
അഞ്ചൽ : നായ കടിച്ചെടുത്തു കൊണ്ടുവന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം സംഭവിക്കുകയും നായ തല തകർന്ന് ചാവുകയും ചെയ്തു. ഏരൂർ അണ്ടത്തൂർ ഭാനു വിലാസത്തിൽ കിരണിന്റെ ആറ് വർഷം പ്രായമുള്ള ലാബ് ഇനത്തിലുള്ള വളർത്തുനായയാണ് ചത്തത്. ഞായർ രാത്രി പത്തുമണിയോടെ കൂട്ടിൽ നിന്നും തുറന്നു വിട്ടിരുന്ന നായ അടുത്ത പുരയിടത്തിൽ നിന്നും കടിച്ചെടുത്തു കൊണ്ടുവന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ നായയുടെ തല ചിന്നിച്ചിതറി ചാവുകയും വീടിന്റെ ഭിത്തിക്ക് വിളളലുണ്ടാകുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. വീട്ടുകാർ സംഭവസമയം വീടിനുള്ളിലായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് എന്താണ് സംഭവിച്ചതെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്.
വിവരം അറിയിച്ചതിനെത്തുടർന്ന് ഏരൂർ പൊലീസ് സ്ഥലത്തെത്തുകയും മേൽനടപടികളെടുക്കുകയും ചെയ്തു. പരിസരത്തെ പുരയിടത്തിൽ വച്ചിരുന്ന പന്നിപ്പടക്കം പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അണ്ടത്തൂർ സദാനന്ദ ഭവനിൽ പ്രദീപിനെ (സജി -46) പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ സമീപത്തെ പുരയിടത്തിൽ കാട്ടുപന്നിയെ പിടികൂടുന്നതിനായി മൂന്ന് സ്ഥലത്തായി പടക്കം വച്ചിരുന്നതായും അതിലൊന്നാണ് പട്ടി കടിച്ചെടുത്തതെന്നും പറഞ്ഞു. മറ്റ് രണ്ട് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായി പ്രദീപുമായി പൊലീസും ബോംബുസ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒരെണ്ണം മാത്രമേ കിട്ടിയുള്ളു. തോട്ടിൽ വീണ് കുതിർന്ന നിലയിലായിരുന്നു. പൊലീസിനെ കൂടാതെ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും തെളിവെടുപ്പ് നടത്തി. ഏരൂർ വെറ്റിനറി സർജന്റെ നേതൃത്വത്തിൽ നായയെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മറവ് ചെയ്തു. പ്രദീപിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


