ചിതറയിൽ പ്രയാറിന്റെ ഓർമയിൽ പൂത്തുലഞ്ഞ് അപൂർവമരം
text_fieldsപൂത്തുലഞ്ഞ അപൂർവ മരം
കടയ്ക്കൽ: ചിതറയിൽ പ്രയാറിന്റെ ഓർമയിൽ പൂത്തുലഞ്ഞ് ശ്രദ്ധാകേന്ദ്രമായി അപൂർവ മരം. അന്തരിച്ച മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ വർഷങ്ങൾക്ക് മുമ്പ് നട്ട മരമാണ് പൂത്തുലഞ്ഞ് ഇപ്പോൾ കൗതുകകാഴ്ചയാകുന്നത്.
ചടയമംഗലം എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ്, മിൽമ ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ചിതറ തടത്തിൽ ജങ്ഷനിലെ വീടിനുമുന്നിൽ നട്ട് പരിപാലിച്ചുവന്ന മരമാണിത്. വർഷങ്ങൾക്ക് മുമ്പ് മിൽമ ചെയർമാൻ ആയിരിക്കെ വിദേശയാത്രയിലാണ് ചെമ്പക വർഗത്തിൽ പെടുന്ന ഈ അപൂർവ മരത്തിന്റെ തൈ അദ്ദേഹത്തിന് ലഭിച്ചത്. നാട്ടിൽ എത്തിച്ച ചെടി സ്വന്തം വീടായ ചിതറ തടത്തിൽ പ്രയാർ ഹൗസിന് മുന്നിൽ റോഡരികിൽ നട്ട് പിടിപ്പിക്കുകയായിരുന്നു. ഈ വേനലിൽ ഇലകൾ മുഴവനായി പൊഴിഞ്ഞ് മരത്തിൽ നിറയെ പൂക്കൾ നിറഞ്ഞാണ് കൗതുകകാഴ്ചയായി മാറിയത്.
കടയ്ക്കൽ-മടത്തറ പാതയിൽ ചിതറ തടത്തിൽ ജങ്ഷനിൽ പ്രയാറിന്റെ വീടിനുമുന്നിൽ ഈ കാഴ്ച കാണാനും ഫോട്ടോ എടുക്കാനും നിരവധി ആളുകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വൈറലായി കൊണ്ടിരിക്കുകയാണ് ഈ പൂമരം. വർഷങ്ങൾക്ക് ശേഷം പ്രയാറിന്റെ ഓർമകളും ഇപ്പോൾ ഈ പൂത്തുലഞ്ഞ മരത്തിന്റെ പേരിനാൽ കിഴക്കൻ മേഖലയിൽ ചർച്ചയാണ്.


