ബിരിയാണിയിൽ കുപ്പിച്ചില്ല്; ഹോട്ടലിൽ പരിശോധന
text_fieldsബിരിയാണിയിൽ കണ്ടെത്തിയ കുപ്പിച്ചില്ല്
കടയ്ക്കൽ: ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തിയ സംഭവത്തിൽ ചിതറ കിഴക്കുംഭാഗത്തെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹോട്ടലിലെ ശുചിത്വ മാനദണ്ഡം, അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന രീതി, ഭക്ഷ്യപദാർഥങ്ങളുടെ ശുദ്ധത, പാചക സംവിധാനങ്ങളുടെ സ്ഥിതി എന്നിവ വിശദമായി പരിശോധിച്ചു. തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, തെറ്റായ സംഭരണ സംവിധാനം, അനുമതിപത്രങ്ങളിലെ അപാകത എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമക്ക് ഔദ്യോഗിക നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനത്തിന് തുടർനടപടി ഉണ്ടാകുമെന്നും, നിശ്ചിത കാലത്തിനുള്ളിൽ കൃത്യമായ ഭേദഗതികൾ നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ചിതറ ഗ്രാമപഞ്ചായത്ത് താൽകാലിക ജീവനക്കാരനായ സൂരജ് നാല് ബിരിയാണി ഹോട്ടിലിൽ നിന്ന് വാങ്ങി.
വീട്ടിൽ കുടുംബാംങ്ങൾക്കൊപ്പം കഴിക്കുന്നതിനിടെയാണ് ബിരിയാണിയിൽ കിടന്ന കുപ്പിച്ചില്ല് കടിച്ചു പൊട്ടിച്ചതിനെ തുടർന്ന് സൂരജിന്റെ തൊണ്ട മുറിഞ്ഞു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ചിതറ പൊലീസ് സ്റ്റേഷനിലും, ആരോഗ്യവകുപ്പിലും പരാതി നൽകി. പരാതിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ പരിശോധന നടത്തിയത്. ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തിയ സംഭവം കടയുടമ നിഷേധിച്ചു.