അനധികൃത ഗ്യാസ് ഏജൻസിയിൽ പരിശോധന; മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കടയ്ക്കൽ: ചിതറയിൽ അനധികൃത ഗ്യാസ് ഏജൻസിയിൽ നടത്തിയ പരിശോധനയിൽ മൂന്നുപേർ പിടിയിൽ. ചിതറ കല്ലുവെട്ടാൻകുഴിക്ക് സമീപം വാടകവീട്ടിലാണ് അനധികൃത ഗ്യാസ് ഏജൻസി പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് 90 ഓളം വാണിജ്യ സിലിണ്ടറുകളും അത്രയും ഗാർഹിക സിലിണ്ടറുകളും പിടിച്ചെടുത്തു.സിലിണ്ടറുകളിൽ ഗ്യാസ് നിറക്കുന്നതിനാവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കല്ലുവെട്ടാംകുഴി സ്വദേശികളായ പ്രജിത്ത്, സുഹ്റ എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക സിലിണ്ടറുകൾ എത്തിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ വാണിജ്യസിലിണ്ടറുകളിൽനിറച്ച് ഹോട്ടലുകളിലും ചായക്കടകളിലും വിതരണം ചെയ്തുവരുകയായിരുന്നു.
വൻതോതിൽ സിലിണ്ടറുകൾ ഇവർക്ക് എത്തിക്കുന്നതിന് പിന്നിൽ മാഫിയപ്രവർത്തിക്കുന്നതായി പൊലീസ് കരുതുന്നു.
ഗ്യാസ് സിലിണ്ടറുകൾ ഇവിടേക്ക് എത്തിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഗാർഹികാവശ്യത്തിനുളള 14 കിലോ സിലിണ്ടറിന് 817 രൂപയാണ് വില.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ തൂക്കംവരുന്ന സിലിണ്ടറിന് 1844 രൂപ നൽകണം. എന്നാൽ, ഇത് ആവശ്യത്തിന് കിട്ടാനും ഇല്ല. സിലിണ്ടർമാറ്റി പാചകവാതകം നിറച്ച് നൽകുമ്പോൾ 738 രൂപയാണ് ഇവർക്ക് ലഭിച്ചിരുന്നത്. പ്രതിദിനം നൂറോളം സിലിണ്ടറുകളാണ് സംഘം ഇവിടെ നിന്ന് നിറച്ച് വിറ്റിരുന്നത്.
കസ്റ്റഡിയിലായ പ്രതികളിൽനിന്ന് ജില്ലയിൽ സമാനമായി പ്രവർത്തിക്കുന്ന മറ്റ് ഗോഡൗണുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.