മിനി ബസും കാറും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്
text_fields1. അപകടത്തിൽ തകർന്ന കാർ 2. അപകടത്തിൽ മിനി ബസ് തലകീഴായി മറിഞ്ഞ നിലയിൽ
കടയ്ക്കൽ: മിനി ബസും കാറും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ നിലമേൽ ജങ്ഷനിൽ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് ഉത്സവഘോഷയാത്ര കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന തെയ്യം ട്രൂപ് അംഗങ്ങൾ സഞ്ചരിച്ച മിനി ബസും കടയ്ക്കലിൽ നിന്ന് എം.സി റോഡിലേക്ക് അമിത വേഗത്തിലെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിന്റെ കൈവരി തകർത്ത് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി.
നിയന്ത്രണം വിട്ട മിനി ബസ് തലകീഴായി മറിഞ്ഞു. കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ മിനി ബസിൽ യാത്ര ചെയ്ത തൃശൂർ സ്വദേശികളായ ശിവദാസ് (31), സുവിത്ത് (31), ശ്രീധരൻ (30), അശ്വിൻ (21), സൂരജ് (26), അക്ഷയ് (17), ശ്രീധരൻ (35), ബിജോയ് (35), അമൽ (35), അരുൺ (31), രാജേഷ് (35), ഷൈജു (35), സഞ്ചു (38), ബൈജു (41), വിജയ് (18), അശ്വന്ത് (23) എന്നിവർക്കും കാർ യാത്രകാരായ മധുര കളിശിനാകം യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളായ നിരസിംഹ (22), വിജയ് (22), അനിൽകുമാർ (20), ജശ്വന്ത് (20) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചടയമംഗലം പൊലീസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.