കടയ്ക്കൽ വാതകശ്മശാനം നിർജീവമായി: പ്രതിഷേധവുമായി നാട്ടുകാർ
text_fieldsയന്ത്രത്തകരാറുമൂലം കടയ്ക്കൽ വാതകശ്മശാനം അടച്ചിട്ട നിലയിൽ
കടയ്ക്കൽ: കടയ്ക്കൽ വാതകശ്മശാന നിർമാണത്തിൽ വ്യാപക അഴിമതിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് കടയ്ക്കൽ പഞ്ചായത്ത് ചായിക്കോട് നിർമിച്ച വാതക ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനിടെ തകരാറിലായത് നിരവധി തവണ. തീരെ നിലവാരമില്ലാത്ത സാമഗ്രികളുപയോഗിച്ചതാണ് കാരണമെന്നാണ് ആരോപണം.
മൃതദേഹങ്ങൾ കത്തുമ്പോഴുണ്ടാകുന്ന പുക മുകളിലേക്ക് പോകാതെ അടിയിൽ കൂടി പരിസരമാകെ വ്യാപിച്ച് ദുർഗന്ധം പരത്തുന്നതായിരുന്നു പ്രധാനമായും സമീപവാസികൾ ഉയർത്തുന്ന പ്രശ്നം. ഇതിൽ പൊറുതിമുട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത്. സംഭവം ശ്രദ്ധയിൽപെടുത്തിയിട്ടും വാർഡ് മെംബർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
യന്ത്രത്തകരാറുമൂലം പലപ്പോഴും മൃതദേഹം മുഴുവനായും കത്താറില്ലത്രെ. ഉദ്ഘാടനം നടത്തി തൊട്ടടുത്ത ദിവസങ്ങളിൽ യന്ത്രം തകരാറായത് പരിഹരിച്ചെങ്കിലും സ്ഥിതി തുടരുകയാണ്. ഇതുമൂലം മൃതദേഹങ്ങൾ ഇവിടേക്കെത്തിക്കുന്നതും നിലച്ചു. ഒരുദിവസം ഒരു മൃതദേഹം സംസ്കരിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ബ്ലോവർ, പമ്പ് എന്നിവ കാര്യക്ഷമമല്ലാത്തതിനാലിതെന്ന് പറയപ്പെടുന്നു. ഒന്നരമാസം മാത്രം പ്രവർത്തിച്ച ശ്മശാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
നാലരവർഷം മുമ്പ് തുടങ്ങിയ നിർമാണം ഇഴഞ്ഞത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. ശ്മശാനത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണത്തിലുൾപ്പെടെ വൻ അഴിമതി നടന്നതായി പരാതിയുണ്ട്. ശ്മശാനം സമീപത്തെ നാലഞ്ച് പഞ്ചായത്തുകൾക്കുകൂടി പ്രയോജനപ്പെടുമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. നിലവിൽ ഒരു മൃതദേഹം മാത്രം സംസ്കരിച്ച് പിന്നീട് വരുന്നവ മറ്റിടങ്ങളിലേക്ക് വിടുകയാണ്.
വർഷങ്ങളായി പ്രതിപക്ഷം പോലുമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലാണ് ഈ അഴിമതി ആരോപണം. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിരുന്നു. എന്നാൽ ചെറിയ യന്ത്രത്തകരാറുകൾ പരിഹരിച്ച് വേഗം ശ്മശാനം തുറക്കുമെന്നാണ് പഞ്ചായത്തിന്റെ വാദം. വിഷയം പൂർണമായും പരിഹരിച്ചില്ലെങ്കിൽ ഇവിടേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നത് തടയുമെന്നാണ് നാട്ടുകാർ പറയുന്നത്.