കടയ്ക്കൽ കൊലപാതകം: നാലു പേർ പിടിയിൽ
text_fieldsകടയ്ക്കൽ: കടയ്ക്കലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കടയ്ക്കൽ പൊലീസ്. കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടയ്ക്കൽ വയല ശരത് ഭവനിൽ ശരത്ത് (40) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറിന് കടയ്ക്കൽ മേലെ പന്തളംമുക്കിലാണ് കേസിന് ആസ്പദമായ സംഭവം. ശരത്തും രണ്ടാം പ്രതിയായ അജീഷും രണ്ട് വർഷം മുമ്പ് സ്വകാര്യ ബസിലെ ജീവനക്കാരായിരുന്നു. ബസ് ഡ്രൈവറായിരുന്ന ശരത്, മാനേജറായ അജീഷ് സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന വിവരം ഉടമയോട് പറഞ്ഞതിനെത്തുടർന്നാണ് അജീഷിന്റെ ജോലി നഷ്ടമായതെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വൈരാഗ്യത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലോടെ കടയ്ക്കലിലെ ബാറിൽ ശരത്തും സുഹൃത്ത് ആകാശും പ്രതികളായ രാഹുലും അജേഷും ജയേഷും തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും അടി നടക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ ശരത്തിനെയും ആകാശിനെയും തിരക്കി പ്രതികളായ രാഹുലും അജീഷും ജയേഷും സ്കൂട്ടറിലും കേസിലെ മറ്റൊരു പ്രതിയായ, ലിജോ ഓട്ടോറിക്ഷയിൽ കടയ്ക്കലിലെ കടയിൽനിന്ന് മൂന്നു കത്തികൾ വാങ്ങി പന്തളംമുക്കിൽ എത്തുകയും ശരത്തിനെ കുത്തുകയും വെട്ടുകയും ചെയ്തു. ആകാശ് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ശരത് തൊട്ടടുത്ത വീട്ടിൽ ഓടിക്കയറി സിറ്റൗട്ടിൽ വീഴുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഓട്ടോയിലും സ്കൂട്ടറിലും രക്ഷപ്പെട്ടു.
നാട്ടുകാർ ശരത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ജയേഷിനെയും ലിജോയെയും അവരുടെ വീടുകളിൽനിന്നും രാഹുലിനെയും അജീഷിനെയും ചരിപറമ്പിലെ റബർ തോട്ടത്തിൽനിന്നുമാണ് പിടികൂടിയത്. രാഹുൽ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ശരത്തിന്റെ ദേഹത്ത് 21ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശരത്തിന്റെ മൃതദേഹം വയലായിലുള്ള വീട്ടിൽ സംസ്കരിച്ചു.
രാഹുലിനെയും അജീഷിനെയും ശരത്തിനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്ന കോട്ടുക്കൽ ഫിൽഗിരിയിലെ ക്വാറിയോടു ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
വീടിനുമുന്നിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയുടെ അടിയിലാണ് കുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്നത്. മറ്റു രണ്ടു കത്തികൾ തൊട്ടടുത്ത പുരയിടത്തിൽനിന്ന് കണ്ടെത്തി. രാഹുൽ ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങൾ തൊട്ടടുത്തായി കത്തിച്ചതായും കണ്ടെത്തി.


