താലൂക്കാശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു
text_fieldsകടയ്ക്കൽ: ഒടുവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു. മാസങ്ങളായി അടഞ്ഞുകിടന്ന കുട്ടികളുടെ വിഭാഗത്തിലെ ഐ.സി.യു പ്രവർത്തനം നിലച്ചത് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതിനെതുടർന്ന് വ്യാഴാഴ്ച വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
നിലവിൽ ചികിത്സക്ക് എത്തുന്ന കുട്ടികളെ ഇവിടെ ഐ.സി.യു വാർഡിൽ അഡ്മിറ്റാക്കി തുടങ്ങി. ഐ.സി.യു ആയി തുടങ്ങിയെങ്കിലും കുട്ടികൾക്കായി പ്രത്യേകം വാർഡ് ഇല്ലാത്തതിനാൽ ഇത് കുട്ടികളുടെ വാർഡ് കൂടി ആയാണ് പ്രവർത്തിച്ചിരുന്നത്. പ്രവർത്തിച്ചുവരവെയാണ് കുട്ടികളുടെ ഐ.സി.യുവിന്റെ പ്രവർത്തനം പൂർണമായും ആശുപത്രി അധികൃതർ നിർത്തലാക്കിയത്. ഇത് കുട്ടികളുമായി ചികിത്സക്ക് എത്തിയിരുന്നവരെ ദുരിതത്തിലാക്കിയിരുന്നു.
നിലവിൽ കുട്ടികളുടെ ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാലാണ് ഐ.സി.യു പ്രവർത്തനം നിലച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാസങ്ങളായി ഇത് അടഞ്ഞുകിടക്കുന്നത് മൂലം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചുപോകുന്ന നിലയിലായിരുന്നു. വീണ്ടും കുട്ടികളുടെ ഐ.സി.യുവിന്റെ പ്രവർത്തനം ആരംഭിച്ചത് മലയോരമേഖലയിലെ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാണ്.