കടയ്ക്കലിൽ സൂപ്പർ മാർക്കറ്റിൽ റെയ്ഡ്; 10 ലക്ഷത്തിന്റെ ലഹരി ഉൽപന്നം പിടികൂടി
text_fieldsകടയ്ക്കൽ: സൂപ്പർ മാർക്കറ്റിൽനിന്ന് 700 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ആനപ്പാറയിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിൽ നിന്നാണ് വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റാണിത്.
ലഹരി വസ്തുക്കൾ വ്യാപകമായി വിൽക്കുന്നെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി 12ന് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തുകയായിരുന്നു. നേരത്തേയും സമാന കേസുകളിൽ സിയാദ് പ്രതിയായിരുന്നെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിനുള്ളിലെ ഷെഡിലാണ് ലഹരി ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ വിൽപ്പനക്കായി എത്തിച്ചതാണിത്. കഴിഞ്ഞ ഒരുമാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽനിന്ന് ഒരു ടണ്ണിലധികം നിരോധിത ലഹരിവസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ സബീർ, കെ.ജി. ജയേഷ്, ശ്രേയസ് ഉമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.