വിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ടു; പരിശോധന ശക്തമാക്കി പൊലീസ്
text_fieldsപൊലീസ് കസ്റ്റഡിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ
കടയ്ക്കൽ: മോഷണക്കേസ് പ്രതികളായ പിതാവും, മകനും കസ്റ്റഡിയിൽനിന്ന് ചാടി രക്ഷപ്പെട്ടു. പാലോട് പൊലീസ് കസ്റ്റഡിയിലെടുത്ത ആലംകോട് വഞ്ചിയൂർ റംസി മൻസിലിൽ അയ്യൂബ്ഖാൻ (45), മകൻ സെയ്ദലവി (20) എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചൽ - കടയ്ക്കൽ റോഡിൽ ചുണ്ട ചെറുകുളത്ത് വെച്ചാണ് പ്രതികൾ പൊലീസിൽ നിന്നും ഓടി രക്ഷപ്പെട്ടത്. മോഷണക്കേസിലെ പ്രതികളായ ഇവരെ വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പാലോട് പൊലീസ് പിടികൂടി കൊണ്ടുവരികയായിരുന്നു. ചെറുകുളത്ത് എത്തിയപ്പോൾ പ്രാഥമികാവശ്യത്തിന് നിർത്താൻ ആവശ്യപ്പെട്ടു.
വാഹനം നിർത്തി പുറത്ത് ഇറങ്ങിയതും ഇരുവരും ഓടി രക്ഷപ്പെട്ടതായി പൊലീസുകാർ പറയുന്നു. ഞായറാഴ്ച പുലർച്ച നാലുമണിയോടെയാണ് സംഭവം. ഞായറാഴ്ച ഏറെ വൈകിയും പ്രതികളെ കണ്ടെത്താനായിട്ടില്ല. ചുണ്ട കോട്ടുക്കൽ ജില്ല കൃഷി ഫാമിനെ സമീപം ഇരുവരെയും കണ്ടതായി സമീപവാസി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൃഷി ഫാമിനുള്ളിൽ പൊലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫാമിലെ കാടുമൂടിയ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയത്. അഞ്ചൽ, കരുകോൺ , കുളത്തൂപ്പുഴ, ചുണ്ട ഭാഗങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.
ആഴ്ചകൾക്ക് മുമ്പ് പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൽ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ കവർച്ച നടന്നിരുന്നു. അയ്യൂബ് ഖാനും സെയ്ദലിയുമാണ് പൊലീസ് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടുന്നത്. വിവിധ പ്രദേശങ്ങളിൽ വീടുകൾ വാടകക്കെടുത്ത് താമസിക്കുന്നതാണ് ഇവരുടെ രീതി. പാലോട് സ്റ്റേഷൻ പരിധിയിൽ വീട് വാടകക്കെടുത്ത് താമസിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.


