ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
text_fields1. അക്രമത്തിൽ പരിക്കേറ്റ തസ്നി 2. പിടിയിലായ പ്രതി റിയാസ്
കടയ്ക്കൽ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിലായി. ഇളമ്പഴന്നൂർ കുന്നുംപുറത്ത് ലൈല മൻസിൽ തസ്നിയെ (38) കുത്തിയതിന് ഭർത്താവ് അഞ്ചൽ കൈപ്പള്ളിമുക്ക് എ.ആർ മൻസിൽ റിയാസിനെ (41) ആണ് വധശ്രേമകേസിൽ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
റിയാസിന്റെ സംശയരോഗത്തെ തുടർന്ന് മൂന്നു വർഷമായി ഇരുവരും മാറി താമസിച്ചു വരികയാണ്. കുട്ടികളെ കാണാൻ റിയാസ് ഇളമ്പഴന്നൂരിലെ ഭാര്യ വീട്ടിൽ ഇടക്ക് വരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ ഭാര്യ വീട്ടിൽ മദ്യപിച്ചെത്തിയ റിയാസ് വീട്ടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന തസ്നിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച തസ്നിയുടെ മാതാവിന്റെ കൈക്കും മുറിവേറ്റു. തസ്നിയുടെ വയറിലും മുതുകിലും കൈയിലുമാണ് കുത്തേറ്റത്.
സംഘർഷത്തിനിടെ റിയാസിന്റെ തലക്ക് പരിക്കേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസെത്തിയാണ് രണ്ടുപേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തസ്നിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. റിയാസിന്റെ അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.