വെള്ളവും വെളിച്ചവും ഇല്ല; ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ഇന്ന്
text_fieldsപണി പൂർത്തിയാക്കാതെ 27ന് ഉദ്ഘാടനം ചെയ്യുന്ന ഹെൽത്ത് സബ് സെന്റർ
കടയ്ക്കൽ: വെള്ളവും, വെളിച്ചവും ഇല്ലാതെ ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തീകരിക്കാൻ കഴിയാത്ത പദ്ധതി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് തീർക്കുന്ന മാമാങ്കമാണ് ചിതറ പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്. ചിതറ കിഴക്കുംഭാഗം അമ്പലം മുക്കിൽ സ്വകാര്യ വ്യക്തി പഞ്ചായത്തിന് വാങ്ങിനൽകിയ ഭൂമിയിൽ നിർമ്മിച്ച ഹെൽത്ത് സബ്സെന്ററിന്റെ ഉദ്ഘാടനം നടത്തുന്നത് കെട്ടിട നിർമ്മാണം മാത്രം പൂർത്തിയാക്കിയാണ്. കെട്ടിടത്തിൽ വയറിങ് ജോലികൾ ഇത് വരെയും തുടങ്ങിട്ടില്ല.
55ലക്ഷം രൂപ ചിലവഴിച്ച് ആറുമാസം മുമ്പ് ഈ അവസ്ഥയിൽ നിർമ്മിച്ച കെട്ടടത്തിൽ വെളളവും , വെളിച്ചവും എത്തിക്കാൻ ചിതറ ഗ്രാമപഞ്ചായത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. ഉദ്ഘാടനം കഴിഞ്ഞാൽ യാതൊരു അടിസ്ഥാന സൗകര്യമില്ലാത്ത നിലയിൽ അടഞ്ഞു കിടക്കേണ്ട അവസ്ഥയാകും. മഴപെയ്ത് കെട്ടിടത്തിന് അകത്തേക്ക് പോലും ജലം ഒഴുകി എത്തുന്ന നിലയിലാണ്. വെളളം കെട്ടിടത്തിനുള്ളിൽ കെട്ടി നിൽക്കുകയും ചെയ്യുന്നു. നിലവിൽ ഉദ്ഘാടത്തിന് വേണ്ടി കെട്ടിടത്തിൽ പെയിന്റിങ് മാത്രമാണ് നടക്കുന്നത്.


