കിഴക്കൻ മേഖലയിൽ ദുർമന്ത്രവാദം വ്യാപകം; നടപടിയില്ല
text_fieldsകടയ്ക്കൽ: കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളിൽ ദുർമന്ത്രവാദവും, അഭിചാരക്രിയകളും വ്യാപകമായി. ചെറുതും വലുതുമായ നിരവധി കേസുകളാണ് ദുർമന്ത്രവാദത്തിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ ലഭിച്ചത്. എന്നാൽ ഇവയിൽ കർക്കശമായ നടപടികൾ പൊലീസ് സ്വീകരിക്കാറില്ല. നടപടിയെടുക്കുന്നതിലാകട്ടെ നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുക്കുന്നത്.
കഴിഞ്ഞ ദിവസം ചടയമംഗലം വയക്കൽ വഞ്ചിപ്പെട്ടി സ്വദേശി റജില (36) ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് സജീറിൽ നിന്നും ക്രൂരമായി പീഡനമേറ്റിരുന്നു. മന്ത്രവാദി പറഞ്ഞ കാര്യങ്ങൾ ചെയ്യാത്തതിനാൽ ഭാര്യയുടെ മുഖത്തേക്ക് അടുപ്പിൽ ഇരുന്ന മീൻകറി ഭർത്താവ് സജീർ ഒഴിച്ചത് സംഭവത്തിൽ യുവതിയുടെ മുഖത്തും , കൈക്കും ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. എന്നാൽ, പ്രതിക്കെതിരെ നിസ്സാര വകുപ്പാണ് പൊലീസ് ചുമത്തിയത് എന്ന് ആരോപണം ഉയരുന്നുണ്ട്. അഞ്ചൽ പ്രദേശത്തെ മന്ത്രവാദിയാണ് ആഭിചാരക്രിയകൾ ഭർത്താവിന് പറഞ്ഞു നൽകിയിരുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്.
2024 ഒക്ടോബറിലാണ് ചിതറയിൽ സുഹൃത്തായ പൊലീസുകാരനെ യുവാവ് കൊന്നത്. പ്രതിയായ സഹദ് ദുർമന്ത്രവാദം നടത്തി വന്ന ആളായിരുന്നു. മരണപ്പെട്ട പൊലീസുകാരനെ കൊന്നത് ജിന്നാണ് എന്നാണ് പ്രതിയായ സഹദ് അന്ന് പൊലീസുകാർക്ക് മുന്നിൽ മൊഴി നൽകിയത്. എന്നാൽ സഹദിന്റെ പ്രവർത്തികളും , ദുർമന്ത്രവാദവും വ്യക്തമായും അന്വേഷിക്കണമെന്ന് നാട്ടുകാർ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.
2022 ചടയമംഗലത്ത് ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു യുവതിയെ നഗ്നപൂജക്ക് ഇരയാക്കിയെന്ന പരാതി. ബാധ ഒഴിപ്പിക്കൽ പേരിൽ ഭർത്താവും ഭർതൃമാതാവും ബന്ധുക്കളും നഗ്നപൂജക്ക് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ ആരോപണം. ദുർമന്ത്രവാദിയായ അബ്ദുൽ ജബ്ബാറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു . എന്നാൽ, സംഭവം ഏറെ വിവാദം ആയതിനെ തുടർന്ന് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി യുവതി പരാതി നൽകി. തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്ന് അന്വേഷണം നടത്തിയിരുന്നു. ഇതിലും വേണ്ടത്ര ശിക്ഷ പ്രതികൾക്ക് ലഭിച്ചിരുന്നില്ല.


