ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കണ്ണനല്ലൂർ
text_fieldsകണ്ണനല്ലൂർ: കൊല്ലം - ആയൂർ സംസ്ഥാന ഹൈവേയിലെ പ്രധാന ജങ്ഷനുകളിൽ ഒന്നായ കണ്ണനല്ലൂർ ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്നു. മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ബുധനാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചവരെ നീണ്ടു.
മുഖത്തല ഇ. എസ്. ഐ ജങ്ഷൻ മുതൽ കണ്ണനല്ലൂർ വരെയും,വടക്കേ മുക്ക് മുതൽ കണ്ണനല്ലൂർ വരെയും, മുട്ടയ്ക്കാവ് മുതൽ കണ്ണനല്ലൂർ വരെയും, തഴുത്തല മുതൽ കണ്ണനല്ലൂർ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. കുണ്ടറ ഭാഗത്ത് നിന്നും രോഗിയുമായി വന്ന ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെട്ട് കിടന്നു.
അഴിയാക്കുരുക്ക് തുടർന്നതോടെ വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണനല്ലൂർ യൂണിറ്റ് ഭാരവാഹികളായ നവാസ് പുത്തൻവീട്, ഇ. കെ സിറാജ്, ഷംലാൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ കടത്തിവിട്ടത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പ്രധാന ജംഗ്ഷനാണ് കണ്ണനല്ലൂർ. അഞ്ച് റോഡുകളാണ് ഇവിടെ വന്നുചേരുന്നത്.
കൊട്ടിയം സ്റ്റേഷന്റെ പരിധിയിലായിരുന്ന ഇവിടം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ രൂപീകൃതമായതോടെ കണ്ണനല്ലൂരിന്റെ പരിധിയിൽ ആവുകയായിരുന്നു. ഇടക്കൊക്കെ ജംഗ്ഷനിൽ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഗതാഗത നിയന്ത്രണത്തിന് അവർ എത്താത്ത സ്ഥിതിയാണ്. പൊലീസും ഹോം ഗാർഡും ഗതാഗത നിയന്ത്രണത്തിന് ഉണ്ടായിരുന്നപ്പോൾ കുരുക്കിന് അല്പം കുറവുണ്ടായിരുന്നതായി വ്യാപാരികൾ പറയുന്നു.
ദേശീയപാതയുടെ പുനർനിർമാണം നടക്കുന്നതിനാലും, കൊട്ടിയത്തെ കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കൊട്ടിയത്ത് എത്തുന്നതിനും വേണ്ടി മൈലക്കാട് നിന്നും വാഹനങ്ങൾ തിരിഞ്ഞ് കണ്ണനല്ലൂർ ജങ്ഷനിലെത്തിയാണ് കൊല്ലത്തേക്ക് പോകുന്നത്, ഇതും കുരുക്കിന് കാരണമാകുന്നുണ്ട്. കുണ്ടറ, മുട്ടയ്ക്കാവ്, കൊട്ടിയം, കൊല്ലം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം ജങ്ഷനിലെത്തുമ്പോൾ ആർക്കും പോകാനാകാതെ കുരുങ്ങി കിടക്കുകയാണ് പതിവ്. ഗതാഗത നിയന്ത്രണത്തിന് പൊലീസുള്ളപ്പോൾ ഓരോ വശത്തുനിന്നും വാഹനങ്ങൾ കടത്തിവിടാറാണ് പതിവ്.
ഓണക്കാലമായതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണം വളരെയധികം കൂടി. ജങ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങൾ പൂർണമായി പൊളിച്ചു മാറ്റി കഴിഞ്ഞാൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാര വിതരണം നടത്തിയിട്ട് നാളുകൾ ഏറെയായെങ്കിലും തുടർ നടപടികൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. ഉത്രാടം മുതലുള്ള ഓണ നാളുകളിൽ ജംഗ്ഷനിൽ വലിയകുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണത്തിന് കണ്ണനല്ലൂർ പൊലീസിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.