മുക്കുപണ്ടം പണയം വെച്ച് 33 ലക്ഷം തട്ടി; പ്രതി പിടിയിൽ
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ സഹകരണസംഘങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന കൊല്ലക കേശവപുരത്ത്വീട്ടിൽ നിന്നും കുലശേഖരപുരം ആദിനാട് വടക്ക് അമ്പനാട് മുക്കിന് സമീപം കേശവപുരത്ത് വടക്കതില്‍ താമസിക്കുന്ന പ്രതാപചന്ദ്രൻ (50) ആണ് പിടിയിലായത്.
ഓച്ചിറ കോഓപറേറ്റിവ് സൊസൈറ്റിയുടെ ആദിനാട് ബ്രാഞ്ചിൽ 40 പവൻ മുക്കുപണ്ടം െവച്ച് 16 ലക്ഷം രൂപയും കുലശേഖരപുരം സർവിസ് സഹകരണബാങ്കിൽ 50 പവൻ നൽകി 17 ലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. പലതവണയായാണ് രണ്ട് ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ചത്.
ആദിനാട് ബാങ്കിൽ പണയം വെച്ച സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് ബാങ്ക് അധികൃതര്‍ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ആഭരണങ്ങളുടെ കൊളുത്തും ജോയന്റും മാത്രമാണ് അപ്രൈസർമാർ പരിശോധിക്കുന്നത് എന്ന് മനസ്സിലാക്കിയ പ്രതാപചന്ദ്രന് തന്റെ എല്ലാ ഉരുപ്പടികളുടെയും കൊളുത്തും ജോയന്റും അസ്സൽ സ്വർണത്തിൽ തീർത്താണ് പണയം വെച്ചതെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ സജി, എ. റഹീം, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.