തഴവയിൽ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം
text_fieldsകരുനാഗപ്പള്ളി: തഴവയിൽ മദ്യ -മയക്കുമരുന്ന് സംഘം ഒമ്പതു വീടുകൾ അടിച്ചു തകർത്തു. രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും അക്രമി സംഘം തല്ലി തകർത്തു. മണപ്പള്ളി അഴകിയ കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്ച വെളുപ്പിന് മൂന്നു മണിയോടെയാണ് സംഭവം. തഴവ നൂറാട്ടേത്ത് ബിന്ദു, പുത്തൻപുരയിൽ ഷാജി, ദാറുൽ സലാം വീട്ടിൽ സുൽഫത്ത് , മയൂരിയിൽ ഷാലിക്കുട്ടൻ, നാടാല കിഴക്കതിൽ വിനോദ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. പതിനഞ്ചോളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ തഴവ അശ്വതി ഭവനത്തിൽ സുനന്ദ, മാളു എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ ഫ്രിഡ്ജ്, ടി.വി, ഗൃഹോപകരണങ്ങൾ, ജനൽ, കതക്, അലമാര തുടങ്ങിയവ സംഘം അടിച്ചുതകർത്തു.
അക്രമത്തിൽ രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. രാഹുൽ നിവാസിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടു മുറ്റത്തു കിടന്ന കാറും അക്രമികൾ തകർത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമികൾ വീട് മാറി ആക്രമണം അഴിച്ചു വിട്ടതായും പറയപ്പെടുന്നു.
മദ്യ, മയക്കുമരുന്ന് മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സംഭവ സ്ഥലം സന്ദർശിച്ച കരുനാഗപ്പള്ളി അസി. പോലീസ് കമ്മീഷണർ അഞ്ജലി ഭാവന പറഞ്ഞു .