ജിം സന്തോഷ് വധക്കേസ്: മുഖ്യപ്രതി പൊലീസ് പിടിയില്‍; പിടിയിലായത് കല്ലമ്പലത്തെ വീട്ടിൽ നിന്ന്
text_fieldsപങ്കജ്
കരുനാഗപ്പള്ളി: ജിം സന്തോഷ് വധക്കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. ഗുണ്ടാനേതാവ് ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ കല്ലമ്പലത്തെ ഒരുവീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ച മൂന്നോടെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റു ചെയ്തത്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അലുവ അതുൽ, സാമുവൽ എന്നിവർ ഇനി പിടിയിലാവാനുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തുവരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവർ എഴായി.
കേസിലെ പ്രധാന സൂത്രധാരനാണ് പങ്കജെന്ന് പൊലീസ് അറിയിച്ചു. ജിം സന്തോഷ് 2024 നവംബർ 12ന് പങ്കജിനെ കരുനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫിസിനുമുന്നിലേക്ക് അനുരഞ്ജനം എന്ന വ്യാജേന വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി അറിയുന്നു. സന്തോഷിനെ വകവരുത്താൻ പങ്കജ് അലുവ അതുലിനെ ചുമതലപ്പെടുത്തി. ഇതിനായി ആയുധങ്ങൾ സംഘടിപ്പിക്കാൻ പ്യാരിയെയാണ് ചുമതലപ്പെടുത്തിയതെന്നും പങ്കജ് സമ്മതിച്ചു.
കഴിഞ്ഞദിവസം സി.പി.എം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ ഒരു നേതാവിന്റെ വീട്ടിൽ പൊലീസ് പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കജിന്റെ അറസ്റ്റെന്നാണ് സൂചന. പങ്കജ് ഉൾപ്പെടെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം ഈ നേതാവിന് ഉള്ളതായും ക്ലാപ്പനയിൽ നടക്കുന്ന അക്രമപ്രവർത്തനത്തിലും അനധികൃത വയൽനികത്തലുൾപ്പെടെയുള്ളവക്ക് സഹായം ഈ നേതാവ് തേടിയതായും ഒരുവിഭാഗം പാർട്ടി പ്രവർത്തകർ പരാതിപ്പെടുന്നു.
സന്തോഷിന്റെ ചവറ തെക്കുംഭാഗം സ്വദേശിയായ സുഹൃത്തിനെ വകവരുത്താനാണ്സംഘം ആദ്യം പദ്ധതി തയാറാക്കിയത്. ഇയാളെ കിട്ടാതെ വന്നതോടെയാണ് സന്തോഷിന്റെ വീട്ടിലേക്ക് സംഘം എത്തിയത്. നാടൻ ബോംബും ആയുധങ്ങളും നിറച്ച വാഹനത്തിൽ കൃത്യം നടന്ന ദിവസം പങ്കജ് ഉണ്ടായിരുന്നില്ലെന്നും അറിയുന്നു. പക്ഷേ സംഘത്തിന് വേണ്ട നിർദേശങ്ങൾ സമയാസമയം ഫോണിലൂടെ നല്‍കിയിരുന്നത്രെ. വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട പ്രധാന പ്രതി അലുവ അതുൽ എവിടെയാണെന്ന് പങ്കജിനറിയാം എന്നാണ് സൂചന. ഇയാളെ പിടികൂടുന്നതോടെ കൃത്യത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പൊലീസിന് ലഭ്യമാകും.