ജിം സന്തോഷ് വധക്കേസ്: രണ്ടുപേർ കൂടി പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ അലുവ അതുലിന് ഒളിത്താവളം ഒരുക്കാൻ സഹായിച്ച സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്നം കാരായ്മമുറിയിൽ ശിൽപവിലാസം വീട്ടിൽ സിനു (27), തൃശൂർ കൊടുങ്ങല്ലൂർ വെള്ളങ്ങല്ലൂർ തേവൻ പറമ്പ് സനിഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
അലുവ അതുൽ ആലുവ-പെരുമ്പാവൂർ റോഡിൽ പൊലീസിനെ കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസ് എറണാകുളം, ആലുവ ഭാഗങ്ങളിൽ ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇയാൾ താമസസ്ഥലം പൊലീസ് കണ്ടെത്തിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടു. ഏറെ ദിവസം എറണാകുളത്ത് മുളവുകാട് പരിസരത്തുള്ള വാടകവീട്ടിൽ ഇയാള്‍ക്ക് ഒളിച്ചുതാമസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തവരാണ് പിടിയിലായ ഇരുവരുമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇരുവരെയും കരുനാഗപ്പള്ളിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. പ്രധാന പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജു, എസ്.സി.പി.ഒമാരായ ശ്രീനാഥ്, ഹാഷിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.