കന്നേറ്റി വള്ളം കളി ഞായറാഴ്ച
text_fieldsകരുനാഗപ്പള്ളി: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് കന്നേറ്റി പള്ളിക്കലാറ്റിൽ ഞായറാഴ്ച നടക്കുന്ന 85മത് ശ്രീനാരായണ ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് ജലോത്സവകമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തുന്നതോടെ വള്ളംകളിക്ക് തുടക്കമാകും. ഉച്ചക്ക് രണ്ടിന് മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും .
ജലോത്സവം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മാസ് ഡ്രിൽ സല്യൂട്ട് ഡോ.സുജിത്ത് വിജയൻപിളള എം.എൽ.എ സ്വീകരിക്കും. ജലോത്സവകമ്മിറ്റി ജനറൽ ക്യാപ്റ്റൻ എസ്.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ജലഘോഷയാത്രയും മത്സര വള്ളംകളിയും നടക്കും. കലക്ടർ എൻ. ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, ഐ.ആർ.ഇ.എൽ യൂനിറ്റ് ഹെഡ് എൻ.എസ്. അജിത്ത് എന്നിവർ വിശിഷ്ട അതിഥികളാകും.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ സമ്മാനദാനം നിർവഹിക്കും. എസ് ഭാരത് ഉടമ അയൂബ്ഖാനും , കെ.സി.ബ്രൈറ്റ് ചെയർമാൻ അബ്ദുൽ വാഹിദും ചേർന്ന് ബോണസ് വിതരണം ചെയ്യും. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നിർവ്വഹിക്കും. വിശാലമായ പവലിയനിൽ ദേശീയപാതക്ക് സമീപം 85 വർഷമായി മുടക്കമില്ലാതെ നടക്കുന്ന വള്ളം കളിയാണ് കന്നേറ്റി വള്ളം കളി എന്ന് സംഘാടകർ പറഞ്ഞു .
വാർത്തസമ്മേളനത്തിൽ ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂനിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, ഡിവിഷൻ കൗൺസിലർ ശാലിനി രാജീവൻ എന്നിവർ പങ്കെടുത്തു.