കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് ബലക്ഷയം: 12 സർക്കാർ ഓഫീസുകൾ മാറ്റുന്നു
text_fieldsകരുനാഗപ്പള്ളി: ബലക്ഷയത്തെ തുടർന്ന് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 12 സർക്കാർ ഓഫീസുകൾക്കു സ്ഥാന ചലനം. പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടങ്ങൾ പ്രവർത്തനയോഗ്യമല്ല എന്ന് സാക്ഷ്യപത്രം നൽകിയതോടെയാണ് സർക്കാർ കാര്യാലയങ്ങൾ മറ്റു സ്ഥലത്തേക്ക് മാറ്റുന്നത്. മിനി സിവിൽ സ്റ്റേഷന് സമീപം ദേശീയപാതയുടെ പണി ആരംഭിച്ചതോടെയാണ് വലിയ പഴക്കമില്ലാത്ത ബഹു നില കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. പ്രധാന ബീമുകൾക്കു ഉൾപ്പെടെ വിള്ളൽ സംഭവിച്ചിട്ടുണ്ട് .കെട്ടിടത്തിന്റെ ഫിത്തികൾ മിക്കതും വിണ്ടുകീറിയ നിലയിലാണ്.
ബലക്ഷയം നേരിട്ട കെട്ടിടത്തിന്റെ സാഹചര്യം കണക്കിലെടുത്തു അടിയന്തിര പരിഹാര നടപടികൾക്കായി സി.ആർ .മഹേഷ് എം .എൽ .എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനം ആയത്. വടക്കേ ഭാഗത്തുള്ള മൂന്നു നിലക്കെട്ടിടത്തിന് ആണ് ഏറെ ബലക്ഷയം. ഇവിടെ പ്രവർത്തിച്ചിരുന്ന 12 ഓഫീസുകൾ കരുനാഗപ്പള്ളിയിൽ തന്നെ സർക്കാർ കെട്ടിടങ്ങളിലോ സ്വകാര്യകെട്ടിട സമുച്ചയത്തിലേക്കോ ഒരു മാസത്തിനുള്ളിൽ മാറ്റി സ്ഥാപിക്കാൻ ആണ് തീരുമാനം .
കരുനാഗപ്പള്ളി ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന ഇടക്കുളങ്ങരയിലെ കെട്ടിടങ്ങൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് മന്ത്രിയുമായും ഉന്നത തല ഉദ്യോഗസ്ഥരുമായും അടിയന്തിരമായി ചർച്ച നടത്തുന്നതാണെന്ന് എം.എൽ.എ അറിയിച്ചു. സ്വകാര്യ ഉടമസ്ഥതയുള്ള കെട്ടിട സമുച്ചയം എല്ലാ ഓഫീസുകളും ഒന്നായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ലഭ്യമാകുമോ എന്ന് പരിശോധിക്കുന്നതിനും നിലവിലുള്ള 12 ഓഫീസുകളുടെ ജീവനക്കാരുടെ വിവരങ്ങളും ആവശ്യമായ സ്ഥല വിസ്തീർണം സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട്ഒരാഴ്ചക്കക്കം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നൽകുന്നതിനും തീരുമാനം ആയി . അഡിഷണൽ തഹസീൽദാർ സന്തോഷ്കുമാർ,വിവിധ ഓഫീസ് മേധാവികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


