കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിക്ക് വേണം ‘ചികിത്സ’
text_fields1. കരുനാഗപ്പള്ളി നെഞ്ചു രോഗ ആശുപത്രി 2. കരുനാഗപ്പള്ളി നെഞ്ചു രോഗ ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ തറയിൽ കിടക്കുന്ന രോഗി
കരുനാഗപ്പള്ളി: 12 പഞ്ചായത്തുകളിലെ അഞ്ചുലക്ഷത്തോളം ആളുകളുടെ ആശ്രയകേന്ദ്രമായ കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിക്ക് വേണം ‘ചികിത്സ’. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അപര്യാപ്തതയും കാരണം രോഗികൾ ദുരിതത്തിലാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നടക്കം നാനൂറോളംപേർ ദിനവും ചികിത്സതേടിയെത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്നത്. 1964ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ആകെയുള്ളത് രണ്ട് ഡോക്ടർമാര്‍ മാത്രം. അവധിയില്‍ പോയ ഡോക്ടര്‍ക്ക് പകരം ആരെയും നിയമിച്ചിട്ടുല്ല.
1991ൽ നെഞ്ചുരോഗാശുപത്രിയായി ഉയർത്തിയപ്പോഴും ജീവനക്കാരുടെ കുറവ് പരിഹരിച്ചില്ല. 50 കിടക്കകളുള്ള ആശുപത്രിയിൽ അഞ്ച് നഴ്സിങ് ജീവനക്കാർ മാത്രമാണുള്ളത്. പലരും അവധിയിലുമാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടത്തുന്നില്ല. നെഞ്ച് രോഗവും ഗുരുതര ശ്വാസകോശരോഗവും ബാധിച്ചെത്തുന്നവർക്ക് അവശ്യ സർവിസിനായുള്ള എക്സ്റെ ടെക്നീഷ്യന്റെ സേവനവും നിലച്ച സ്ഥിതിയാണ്. ലാബ് ടെക്നീഷ്യന് തസ്തികയില്‍ സേവനം ഇല്ലാത്തതിനാൽ സ്വകാര്യ ലാബുകളിൽ ഭീമമായ തുക നൽകിയാണ് നിർധനരായ രോഗികൾ രക്തവും കഫവും പരിശോധിക്കുന്നത്. രാവിലെ മുതല്‍ രോഗികൾ വരിയിൽകാത്തുനിന്ന് അഞ്ച് മണിക്കൂര്‍ പിന്നിട്ട് ഡോക്ടറെ കണ്ടശേഷം ലാബ്-എക്സറേ സൗകര്യം ഇല്ലാത്തതിനാൽ മറ്റ് ആശുപത്രിയിലേക്ക് പോവുകയാണെന്ന് അടിയന്തര ചികിത്സ തേടിയെത്തിയ വള്ളികുന്നം സ്വദേശി ഗോപാലകൃഷ്ണന് പറഞ്ഞു. രാവിലെ ഒമ്പത് മുതല്‍ കാത്തുനിന്ന് രണ്ടുമണിയായിട്ടും മരുന്ന് ലഭിക്കാത്ത കരുനാഗപ്പള്ളി സ്വദേശി റസാഖും ഏറെ പരിഭവത്തോടെയാണ് ആശുപത്രി വിട്ടത്.
രണ്ടര ഏക്കറില്‍ ആശുപത്രിവക സ്ഥലങ്ങൾ തരിശുഭൂമിയായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇവിടെ ആവശ്യത്തിന് കെട്ടിടങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കലക്ടർ ചെയർമാനായുള്ള ആശുപത്രി ജില്ല മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യ മിഷനില്‍നിന്നും കേരള സർക്കാറില്‍നിന്നും സംയുക്തമായി ലഭിക്കേണ്ട ഫണ്ടുകൾ ലഭിക്കാത്തതുകാരണം ആശുപത്രി പ്രവർത്തനം നിലച്ച സ്ഥിതിയാണ്. കെട്ടിടങ്ങള്‍ പലതും വൃത്തിഹീനവും പഴകിയതുമാണ്. കിടക്കകളുടെ അപര്യാപ്തത കാരണം രോഗികള്‍ തറയില്‍ തുണിവിരിച്ചാണ് കിടക്കുന്നത്. തദ്വേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആശുപത്രി കൈമാറാത്ത കാരണത്താൽ പഞ്ചായത്ത് ഫണ്ടുകൾ ഇതിന് വകയിരുത്താൻ കഴിയുന്നില്ല.
പകൽ സെക്യൂരിറ്റി സംവിധാനം ഇല്ലാത്തതിനാൽ രോഗികൾ ക്ഷുഭിതരായി കൈയേറ്റം ചെയ്യുന്നത് നിത്യസംഭവമാണെന്ന് ജീവനക്കാർ പറയുന്നു. മുമ്പ് നെഞ്ചുരോഗം ഉള്ളവരും ശ്വാസകോശ രോഗികളും എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പനി രോഗികളും ചികിത്സ തേടുന്നതായി മെഡിക്കൽ ഓഫിസർ ഡോ. നഹാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രിക്ക് മുന്നിലെ അനധികൃത പാർക്കിങ് കാരണം ആംബുലൻസുകളുടെ സഞ്ചാരത്തിനും തടസ്സം നേരിടുന്നുണ്ട്. ആയിരങ്ങള്‍ക്ക് ആശ്വാസമായ ആതുരാലയ പ്രവർത്തനം നിലച്ചുപോകുമോയന്ന ആശങ്കയിലാണ് നാട്ടുകാര്‍.