പള്ളിക്കൽ കുളത്തിന്റെ ലോഹ വേലി മോഷണം പോകുന്നത് പതിവ്
text_fieldsസംരക്ഷണവേലിയിൽനിന്നു ഷീറ്റുകൾ മോഷ്ടിച്ചനിലയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ 31ാം ഡിവിഷനിലെ പള്ളിക്കൽ കുളത്തിന്റെ സംരക്ഷണവേലിയുടെ ഗ്രില്ലുകൾ ഒന്നൊന്നായി മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ച പൈതൃക സ്മാരകത്തിനാണ് ഈ ഗതികേട്.കുളക്കരയിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് നോക്കുകുത്തിയാക്കിയാണ് മോഷ്ടാക്കൽ സംരക്ഷണ വേലിയും അപഹരിച്ചു പോകുന്നത്.
കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ ഈ കുളത്തിൽനിന്ന് ലഭിച്ച ബുദ്ധപ്രതിമയാണ് കൃഷ്ണപുരം കൊട്ടാരവളപ്പിലുള്ളത്. ബുദ്ധപ്രതിമ കണ്ടെത്തിയതിലൂടെ ഏറെ പ്രാധാന്യമുള്ള പള്ളിക്കൽകുളം സംരക്ഷിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. കുളം നവീകരിക്കുകയും കൽപ്പടവുകൾ നിർമിക്കുകയും ചെയ്തു. കുളത്തിനുചുറ്റും സംരക്ഷണവേലി നിർമിച്ച് സി.സി.ടി.വിയും സ്ഥാപിച്ചു.
കുളത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന അലൂമിനിയം കൊണ്ട് സംരക്ഷണവേലിയും നിർമിച്ചിരുന്നു. ഇതാണ് ഇരുട്ടിന്റെ മറവിൽ മോഷ്ടാക്കൾ ഓരോന്നായി കടത്തിയത്. സി.സി ടി. വിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്തായ്തോടെ പ്രതിഷേധം ഉയരുകയായിരുന്നു. രണ്ടുയുവാക്കൾ സംരക്ഷണവേലി തകർക്കുന്നത് ദൃശ്യങ്ങളിൽ നിന്നും ലഭിക്കുകയും ചെയ്തു. ഈ ദൃശ്യം ഉൾപ്പെടെ ചേർത്താണ് നഗരസഭ പൊലീസിൽ പരാതി നൽകിയത്. എത്രയും പെട്ടന്ന് നടപടി എടുത്തില്ലെങ്കിൽ അലൂമിനിയം സംരക്ഷണവേലി മുഴുവൻ മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോകുമെന്നും നാട്ടുകാർ ആരോപിച്ചു.