കരുനാഗപ്പള്ളിയിൽ പുതിയ സി.പി.എം ഏരിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsടി. മനോഹരൻ
കരുനാഗപ്പള്ളി: ശക്തമായ ഗ്രൂപ്പുപോര് കാരണം സമ്മേളന നടപടികൾ നിർത്തിവെച്ച സംസ്ഥാനത്തെ സി.പി.എം ഏക ഏരിയ ആയ കരുനാഗപ്പള്ളിയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. 32 ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയ 24 നേതാക്കളെ പാർട്ടി ഘടകങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനായി ഏരിയക്ക് പുറത്തുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗത്തെ ഏരിയ സെക്രട്ടറിയാക്കി. ഇരുപക്ഷത്ത് നിന്നുമുള്ളവർ അടക്കം 15 അംഗ ഏരിയ കമ്മിറ്റിയെയും പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ കൊല്ലത്ത് ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് കമ്മിറ്റി പ്രഖ്യാപനം നടന്നത്. മത്സ്യഫെഡ് ചെയർമാനും ജില്ല സെക്രട്ടേറിയറ്റ് അംഗറും കരുനാഗപ്പള്ളി ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനറുമായ ടി. മനോഹരനാണ് പുതിയ ഏരിയ സെക്രട്ടറി.
സമ്മേളന കാലത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതിഷേധം രേഖപ്പെടുത്തുകയും പ്ലക്കാർഡുകൾ ഏന്തി ഏരിയ കമ്മിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്ത 32 ഓളം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാഗികമായി വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 24 നേതാക്കളെ അവർ പ്രവർത്തിച്ചിരുന്ന ഘടകങ്ങളിൽ നിന്നും തരംതാഴ്ത്തി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ മുൻസംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയുടെയും മുൻ ജില്ല കമ്മിറ്റി അംഗം പി.ആർ. വസന്തന്റെയും പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രമുഖരായ ഏരിയ കമ്മിറ്റി അംഗങ്ങൾ പുതിയ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പി.ആർ .വസന്തൻ, പി.കെ .ബാലചന്ദ്രൻ, സി .രാധാമണി, പി.ഗോപൻ, പി.കെ. ജയപ്രകാശ്, പി.കെ. ഹരിലാൽ,വി.കെ. ജയപ്രകാശ്, വസന്ത രമേശ്, എം. ശോഭന, ടി .രാജീവ്, ഇ.പി ജയപ്രകാശ് മേനോൻ, എം സുരേഷ് കുമാർ, ഷറഫുദ്ദീൻ മുസ്ലിയാർ, ടി.എൻ. .വിജയകൃഷ്ണൻ, എ .അനിരുദ്ധൻ, ബി.സജീവൻ എന്നിവരാണ് പുതിയ ഏരിയ കമ്മിറ്റി അംഗങ്ങൾ. ഇതിൽ ഷറഫുദ്ദീൻ മുസ്ലിയാരും മുൻ ഏരിയ സെക്രട്ടറി പി.കെ .ജയപ്രകാശും മാത്രമാണ് സൂസൻ കോടി പക്ഷത്തുനിന്നും ലിസ്റ്റിൽ ഇടം പിടിച്ചത്. ജില്ല മഹിള അസോസിയേഷൻ നേതാവും മുൻ ജില്ല കമ്മിറ്റി അംഗവും സൂസൻ കോടി പക്ഷക്കാരിയുമായിരുന്ന സി .രാധാമണി നിഷ്പക്ഷ നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ കമ്മിറ്റിയിൽ ഇടംനേടിയത്. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവായിരുന്ന പി.കെ. ഹരിലാൽ ഇരുപക്ഷത്തും ഇല്ലാത്തയാളാണ്.
സമ്മേളനത്തിനിടയിൽ ഗ്രൂപ്പ് വൈരം തെരുവിലെത്തിയതോടെ നിർത്തിവെച്ച കരുനാഗപ്പള്ളി ഏരിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിരീക്ഷണത്തിൽ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. ആദ്യകാല നേതാക്കളുടെ ജന്മസ്ഥലത്ത് നടന്ന പാർട്ടി സമ്മേളനത്തിനിടെ ഉണ്ടായ കലഹത്തെ തുടർന്ന് സംസ്ഥാന നേതാക്കളെ പൂട്ടിയിടുകയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കെതിരെ സ്ത്രീ പീഡനക്കേസ്, ഗുണ്ടാ മാഫിയ ബന്ധങ്ങൾ ആരോപിക്കുന്ന പ്ലക്കാർഡുകളുമായി പ്രവർത്തകർ ദേശീയപാതയിലൂടെ പ്രകടനമായെത്തി ഏരിയ കമ്മിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.
പരസ്യപ്രകടനവും പ്രതിഷേധവും ശക്തമായതോടെ സംസ്ഥാന സെക്രട്ടറി കൊല്ലത്തെത്തിയാണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സമ്മേളന നടപടി മരവിപ്പിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമായ മുതിർന്ന വനിത നേതാവും ജില്ല കമ്മിറ്റി അംഗവും തമ്മിലുള്ള ഗ്രൂപ്പ് പോരാണ് സി.പി.എം സമ്മേളനം ഇവിടെ നിർത്തിവെക്കാൻ കാരണമായത്.


