നാടിനെ തീരാദുഃഖത്തിലാക്കി പ്രിൻസും മക്കളും യാത്രയായി
text_fieldsഓച്ചിറക്ക് സമീപം വലിയകുളങ്ങരയിൽ വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട പിതാവും രണ്ടുമക്കളുടെയും മൃതദേഹങ്ങൾ
െപാതുദർശനത്തിന് വച്ചപ്പോൾ
കരുനാഗപ്പള്ളി: ദേശീയപാതയിൽ ഓച്ചിറക്ക് സമീപം വലിയകുളങ്ങരയിൽ വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട പിതാവും രണ്ടുമക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസിന്റെയും (44 ) മക്കളായ അതുൽ പ്രിൻസ് (14) അൽഖ സാറാ പ്രിൻസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾ നീണ്ട വിലാപയാത്രക്കും പൊതുദർശനത്തിനും അന്ത്യ ശുശ്രൂഷകൾക്കും ശേഷം തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ സെമിത്തേരിയിൽ സംസ്കരിച്ചത്.
ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ വിലാപയാത്രയായിട്ടാണ് പ്രിൻസിന്റെ വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മാരാരിത്തോട്ടം കുട്ടപ്പൻ ജങ്ഷനിലെ ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നത്. തേവലക്കര പടിഞ്ഞാറ്റകര മിത്ര സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ തേവലക്കരയിലേക്കു വിലാപയാത്രയായി കൊണ്ടുവന്നത്.
രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ പടിഞ്ഞാറ്റക്കര മുളയ്ക്കൽ എൽ.പി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ മന്ത്രി ഷിബു ബേബി ജോൺ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്ത് മെംബർ മാരായ അഡ്വ. സി.പി.സുധീഷ് കുമാർ, സോമൻ, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് , മത്സ്യഫെഡ് ചെയർമാൻ ടി . മനോഹരൻ, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ആർ.എസ്.പി നേതാവ് ഉല്ലാസ് കോവൂർ , മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തേവലക്കര സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വിറെജി ,ജി വിനായക, ചെയർമാൻ അസീസ് കളീലിൽ, മിത്ര ക്ലബ് പ്രസിഡന്റ് അഡ്വ .ഫായിസ് തേവലക്കര തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിച്ചു.
ഫാ. മുളയ്ക്കൽ ജയിംസ്, ഫാ. ഫിലിപ് തരകൻ ,ഫാ. കെ.കെ. തോമസ്, വികാരി ടോൺ തോമസ്, റവ .ഫാ. കെ.എം. കോശി വൈദ്യൻ, തുടങ്ങിയവർ ശുശ്രൂഷകൾക്കും പ്രാർഥനക്കും നേതൃത്വം നൽകി. തുടർന്ന് പൈപ്പ് ജംഗ്ഷനിലെ മരണപ്പെട്ട പ്രിൻസിന്റെ വീടായ പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ പ്രാർഥനയും ബന്ധുക്കളുടെ അന്ത്യകർമങ്ങളും നടന്നു.
പിന്നീട് തേവലക്കര മർത്തമറിയം ദേവാലയത്തിലേക്ക് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹങ്ങൾ മാർ ആബോ തീർഥാടന കേന്ദ്രത്തിലെ ശുശ്രൂഷക്ക്ശേഷം പള്ളിയിലെ സെമിത്തേരിയിൽ അടക്കം ചെയ്തു . മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, കൊല്ലം മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്യാസൊസിസ് തിരുമേനി തുടങ്ങിയവർ അന്ത്യകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.