ഓച്ചിറ വാഹനാപകടം: നോറയോട് എന്ത് പറയുമെന്നറിയാതെ അധ്യാപകർ
text_fieldsദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ച കെ.എസ്.ആർ.ടി.സി ബസും ഥാർ ജീപ്പും (ഉൾച്ചിത്രത്തിൽ മരിച്ച പ്രിൻസ് തോമസ്, മക്കളായ അൽക്ക, അതുൽ)
കരുനാഗപ്പള്ളി: ക്ലാസ് മുറിയിൽ വേർപിരിയാത്ത കളിക്കൂട്ടുകാരിയായ നോറയെ തനിച്ചാക്കി പ്രിയമിത്രം തിരികെ വരാത്ത ലോകത്തേക്ക് യാത്രയായി. തേവലക്കര സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് ഇ ഡിവിഷൻ വിദ്യാർഥിനിയായിരുന്നു ദേശീയപാതയിൽ വലിയകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അൽക്ക സാറാ പ്രിൻസ്.
സ്കൂളിൽ എത്തുന്ന ഒരു നേരവും വേർപിരിഞ്ഞിരിക്കാൻ കഴിയാത്ത കൂട്ടായിരുന്നു സാറക്ക് ചവറ തെക്കുംഭാഗം നടക്കാവ് സ്വദേശിനിയായ നോറ. ഓണാവധിക്ക് ശേഷം സ്കൂളിൽ എത്തുമ്പോൾ അൽക്ക ഇല്ലാത്ത ക്ലാസ്സിൽ എത്തുമ്പോൾ എന്തുപറയുമെന്നും എങ്ങനെ നോറയെ ആശ്വസിപ്പിക്കും എന്ന ചിന്തയിലാണ് ക്ലാസ് ടീച്ചർ സുനിത കുമാരി.
ഗ്രീറ്റിംഗ് കാർഡുകൾ സ്വന്തമായി നിർമ്മിച്ച് മനോഹരമായ സ്നേഹ ചിഹ്നങ്ങൾ ആ ലേഖനം ചെയ്തു മിക്കപ്പോഴും അധ്യാപകർക്കും ഉറ്റ ചങ്ങാതിയായ നോറക്കും നൽകിവന്ന മിടുക്കിയായ വിദ്യാർഥിനിയായിരുന്നു അൽക്ക. ഇടക്കിടക്ക് ക്ലാസിലെ സീറ്റുകൾ മാറ്റി വിദ്യാർത്ഥികളെ മാറ്റി ഇരുത്തുമ്പോഴും അൽക്കയെ പിരിഞ്ഞു ഇരുന്നിട്ടില്ലാത്ത നോറയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഇനി എന്ത് ആശ്വാസവാക്കുകൾ പറയുക എന്നതാണ് എല്ലാവരെയും അലട്ടുന്ന ചിന്ത.
പഠനത്തിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും മികവുപുലർത്തിയിരുന്ന സ്നേഹസമ്പന്നയായ കുട്ടിയുടെ വേർപാടിൽ സ്കൂളിലെ പ്രിൻസിപ്പൽ വിജിയും അധ്യാപകരും ദുഃഖം കടിച്ചമർത്തിയാണ് തങ്ങളുടെ പ്രിയ വിദ്യാർഥിനിയെ കുറിച്ച് പറഞ്ഞത്. എല്ലാ അധ്യാപകരും ഒരു പോലെ പറഞ്ഞത് ഒരേ കാര്യം ‘അൽക്ക വ്യത്യസ്തത പുലർത്തുന്ന ഒരു വിദ്യാർഥിനിയായിരുന്നു.’ ഇനി ആ പുഞ്ചിരിയുമായി അൽക്ക പടികടന്നെത്തില്ലല്ലോ എന്ന നൊമ്പരത്തിൽ വിതുമ്പുകയാണ് സ്കൂളും.