തപാല്‍ ഓഫിസിന്റെ പ്രവർത്തനം നിലച്ചു; അധികൃതർ മൗനത്തിൽ
text_fieldsപന്മന പുത്തൻചന്ത തപാല്‍ ഓഫിസ്
കരുനാഗപ്പള്ളി: പന്മന പുത്തൻചന്ത തപാല്‍ ഓഫിസിന്റെ പ്രവർത്തനം നിശ്ചലാവസ്ഥയില്‍. കഴിഞ്ഞ 15 ദിവസമായി പോസ്റ്റ് ഓഫിസിലെ ദൈനംദിന പ്രവർത്തനങ്ങൾ മുഴുവൻ നിലച്ചിട്ടും അധികൃതർ മൗനം പാലിക്കുന്നതായി വ്യാപക പരാതി ഉയർന്നു. പോസ്റ്റ് ഓഫിസ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ദർപ്പൺ പോര്‍ട്ടലിന്റെ പ്രവർത്തനം നിലച്ചതോടെയാണ് പോസ്റ്റ് ഓഫിസ് പ്രവർത്തനം നിശ്ചലമായത്.
ഏപ്രിൽ നാലിനാണ് ഓഫിസിലെ ദർപ്പൺ പോര്‍ട്ടല്‍ മെഷീന്റെ പ്രവര്‍ത്തനം നിലച്ചത്. തുടര്‍ന്ന് തപാൽ ഉരുപ്പടികൾ, ക്ഷേമപെൻഷൻ തുകകൾ, മണിയോഡറുകൾ, രജിസ്റ്റേർഡ് തപാലുകൾ, അതിവേഗ തപാലുകൾ തുടങ്ങി പ്രധാനപ്പെട്ട പോസ്റ്റൽ വ്യവഹാരങ്ങൾ മുഴുവൻ നിലച്ച സ്ഥിതിയാണ്. പോര്‍ട്ടലില്‍ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ തപാൽ ഉരുപ്പടികൾ സ്വീകരിക്കുന്നതിനോ അയക്കുന്നതിനോ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഇതിന്റെ പ്രവർത്തനം നിലച്ച വിവരം തപാൽവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ക്ഷേമപെൻഷനെ ആശ്രയിച്ച് കഴിയുന്ന വൃദ്ധജനങ്ങളടക്കം നിരവധി പേർ പോസ്റ്റ് ഓഫിസിൽ നിന്ന് വെറുംകൈയുമായി മടങ്ങുന്നത് നിത്യ കാഴ്ചയാണ്.