കരുനാഗപ്പള്ളിയിൽ പെൺപുലികൾ ഇറങ്ങി
text_fieldsഇ.എം.എസ് ഗ്രന്ഥശാലാ വനിതാവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന പെൺപുലികളി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ പെൺപുലികൾ ഇറങ്ങിയത് കൗതുകക്കാഴ്ചയൊരുക്കി. ചെണ്ടമേളവും ആർപ്പ് വിളിയും മുഴങ്ങിയതോടെ കാഴ്ചക്കാരും പുലികൾക്കൊപ്പം കൂടി. താളത്തിനൊപ്പം ചുവടുവെച്ച് കാണികളുടെ മനംകവർന്ന പുലികൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി നാട്ടുകാർ ആവേശത്തോടെ താളംപിടിച്ചു. തൊടിയൂർ, പുലിയൂർവഞ്ചി വടക്ക് ഇ.എം.എസ് വനിത ഗ്രന്ഥശാല പ്രവർത്തകരാണ് വനിതകളുടെ പുലികളിയുമായി നഗരത്തിലെത്തിയത്. ഓണക്കാലത്ത് വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച് മുൻകാലത്തും ശ്രദ്ധ നേടിയിട്ടുള്ള ഇവർ ഇത്തവണ വനിതകളുടെ തൃശൂർ പുലികളി ഇറക്കി രംഗം കീഴടക്കുകയായിരുന്നു.
18 മുതൽ 26 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികളും വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുമായ യുവതികളാണ് പെൺപുലികളായി വേഷമിട്ട് രംഗത്തെത്തിയത്. ഇവരോടൊപ്പം ബാലവേദി ,യുവജന വേദി പ്രവർത്തകരും ഒത്തു ചേർന്നു. ചുവടുകളും താളവും നോക്കി പരിശീലനം തുടങ്ങിയ ഇവർ ഒരു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് നഗരത്തിൽ എത്തിയത്.
ആദ്യഘട്ടത്തിൽ താളത്തിനൊത്ത് ചുവടുവെപ്പ് മാത്രമായിരുന്നു പരിശീലിച്ചത്. പിന്നീട് ചില പാട്ടുകൾകൂടി ചേർത്ത് പുലികളി വർണാഭം ആക്കി. പുലജയും കരടിയും മാവേലിയുമായി 15 അംഗങ്ങളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ അവതരണം തുടർന്ന് നാട്ടിടവഴികളിലൂടെ സഞ്ചരിച്ച് രാത്രി 11 മണിയോടെ ഗ്രന്ഥശാലക്ക് സമീപം സമാപിച്ചു. പൂർണമായും വനിതകളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടിയുടെ സംഘാടനം.
ഗ്രന്ഥശാല സെക്രട്ടറി ജസീന, ലൈബ്രേറിയൻ രഞ്ജിനി, വിലോല, പ്രസന്ന, ലിപി, ചന്ദ്രിക, മീന തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി. പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ അനിൽ ആർ. പാലവിള ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം .സുരേഷ്കുമാർ, വി.വിമൽ റോയ് തുടങ്ങിയവർ പങ്കെടുത്തു.