അറബിക്കടലിൽ ഭൂചലനമെന്ന റിപ്പോർട്ട് പരിഭ്രാന്തി പരത്തി
text_fieldsകരുനാഗപ്പള്ളി: തീരത്ത് നിന്ന് 1400 കിലോമീറ്റർ അകലെ അറബിക്കടലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്ന റിപ്പോർട്ട് തീരദേശവാസികളിൽ പരിഭ്രാന്തി പരത്തി.ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് കടലിൽ ഭൂചലനം ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ ഏജൻസിയുടെ അറിയിപ്പ് തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയത്. കടലിന് രൂപമാറ്റം ഉണ്ടാവുകയോ അസ്വാഭാവിക അവസ്ഥയോ കാണപ്പെട്ടാൽ ഉടൻതന്നെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും ബോട്ട്, വള്ളം എന്നിവയിൽ മത്സ്യബന്ധനത്തിന് പോയിരിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുവാനും പൊലീസ് അറിയിപ്പ് നൽകി.
എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കോ ജില്ല ഭരണകൂടത്തിനോ റവന്യൂ അധികൃതര്‍ക്കോ ഇത് സംബന്ധമായ അറിയിപ്പ് ലഭ്യമായില്ല. ശനിയാഴ്ച വൈകീട്ട് ആറുവരെ സുനാമി ബാധിത പ്രദേശമായ കരുനാഗപ്പള്ളിയിലും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് തഹസിൽദാർ പി. ഷിബു ‘മാധ്യമ’ത്തോട് പറഞ്ഞു.
നീണ്ടകര കടൽത്തീരത്ത് നിന്നും 1400 കിലോമീറ്റർ അകലെ കടലിൽ ഭൂചലനം ഉണ്ടായതായും എന്നാൽ സുനാമി പോലെ അപകടസാധ്യത നിലനിൽക്കുന്നത് അല്ലെന്നും റിക്ടര്‍ സ്കെയിലില്‍ 5.5, 6.0 എന്നിങ്ങനെയുള്ള സൂചകം രേഖപ്പെടുത്തി എങ്കിൽ മാത്രമേ അപകടസാധ്യതയുള്ളൂ എന്നും ഭയപ്പെടെണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചതായി നീണ്ടകര കോസ്റ്റൽ എസ്.എച്ച്.ഒ ബി. രാജീവ് പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്നവരും തീരദേശവാസികളും വാർത്ത അറിഞ്ഞതിനാൽ ഏറെനേരം പരിഭ്രാന്തരായി.