ആറുമുറിക്കട -വലിയത്ത് മുക്ക് റോഡിന്റെ പുനരുദ്ധാരണം നിശ്ചലാവസ്ഥയിൽ
text_fieldsപുനരുദ്ധാരണം നിലച്ച പന്മന ആറുമുറിക്കട -വലിയത്ത് മുക്ക് റോഡ്
കരുനാഗപ്പള്ളി: ആറുമുറിക്കട -വലിയത്ത് മുക്ക് റോഡിന്റെ പുനരുദ്ധാരണം നിശ്ചലാവസ്ഥയിൽ. 900 മീറ്റർ ദൂരപരിധിയുള്ള ഈ റോഡിന്റെ പ്രവർത്തനങ്ങൾക്കായി പി.ഡബ്ല്യു.ഡി ക്ഷണിച്ചത് നാല് ടെൻഡറുകൾ. രണ്ടു ടെൻഡറുകൾ സാങ്കേതിക തകരാർ കാരണം അധികൃതർ റദ്ദാക്കി. ഒരു ടെൻഡർ കാലയളവിൽ ഏറ്റെടുക്കാൻ ആളില്ലാതായി. ഇതിനായി ഒരുവർഷത്തിലേറെ നീണ്ട കാത്തിരിപ്പ്. നാലാമത്തെ ടെൻഡർ ലഭിച്ച കരാറുകാരന് ഒമ്പത് ശതമാനത്തോളം അധിക തുക ഉൾപ്പെടെ 1.36 കോടിയാക്കി ഉയർത്തി.
350 മീറ്റർ ഓടയും ഒരു ക്രോസ് കലുങ്കും ഉൾപ്പെടെയാണ് പുതിയ കരാർ. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം തേടി 2024 ജൂലൈ 14ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ പ്രത്യേക താൽപര്യത്തോടെ പൊതുമരാമത്ത് വകുപ്പിൽനിന്ന് വേഗത്തിൽ പണി പൂർത്തീകരിക്കാൻ ഏർപ്പാടുകൾ ചെയ്തുവെങ്കിലും കുറഞ്ഞ തുകക്ക് കരാർ എടുക്കാൻ ആദ്യ ടെൻഡർ കാലയളവിൽ കോൺട്രാക്റ്റർമാർ തയാറായില്ല.
എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്താണ് പിന്നീട് ടെൻഡർ നടപടി ആരംഭിച്ചത്. മൂന്നാമത് കരാർ ലഭിച്ച കോൺട്രാക്ടർ ശരിയായ രേഖകൾ അടക്കം ചെയ്യാത്തതിനാൽ അതും റദ്ദാക്കി. അവസാനമായി കരാർ ലഭിച്ച കമ്പനി മെറ്റൽ വിരിച്ചു റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഒരു മാസമായി നിശ്ചലാവസ്ഥയിലാണ്. റോഡ് ടാറിങ്ങിനു മുമ്പായി ചെയ്യുന്ന വേസ്റ്റ് മിക്സ് മെക്കാഡം (ഡബ്ല്യു.എം.എം) കഴിഞ്ഞതിന് ശേഷം ചീഫ് ടെക്ക്നിക്കൽ എക്സാമിനർ പരിശോധിച്ച് അനുമതി നൽകിയെങ്കിൽ മാത്രമേ ടാറിങ് നടപടികളിലേക്ക് കടക്കാൻ കഴിയൂ.
എന്നാൽ, റോഡിൽ വിരിച്ച മെറ്റലുകൾ വീണ്ടും ഉറപ്പിച്ചെങ്കിൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂ. മെറ്റൽ ഇളകിയതിനാൽ ഇതുവഴിയുള്ള കാൽനട പോലും ഇപ്പോൾ ദുസ്സഹമാണ്. പൊടിപടലങ്ങൾ ഉയരുന്നതിനാൽ കുട്ടികൾക്കടക്കം ശ്വാസതടസ്സം അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ചവറ -ശാസ്താംകോട്ട സംസ്ഥാന പാതയിൽ നിന്നും സംസ്കൃത സർവകലാശാല അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പന്മന ആശ്രമത്തിലേക്കും പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദിലേക്കും എത്താനുള്ള പ്രധാന റോഡ് ആയതിനാൽ അടിയന്തര പ്രാധാന്യത്തോടെ പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ത്വരിത ഗതിയിൽ എല്ലാ മാനദണ്ഡങ്ങളും സ്വീകരിച്ചു പണി പൂർത്തിയാക്കി വരികയാണെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ വിഷ്ണുവും ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും സമയ ബന്ധിതമായി വർക്കുകൾ പൂർത്തീകരിച്ച് ടാറിങ് ഉടൻ ആരംഭിക്കുമെന്നും കരാറുകാരനായ കെ.സി.സി കമ്പനി ഉടമ ഫാരിസ് മുഹമ്മദും 'മാധ്യമ'ത്തോട് പറഞ്ഞു.