പത്രികയായി, പ്രചാരണമായി; കുണ്ടറയിൽ കണ്ടറിയാം
text_fieldsപി.സി. വിഷ്ണുനാഥ്, എസ്.എൽ. സജികുമാർ, ഡോ. റോബിൻ രാധാകൃഷ്ണൻ
കടുത്തപോരാട്ടങ്ങളുടെ ചൂടും ചൂരും ഒരുപാടറിഞ്ഞ മണ്ണ്... അതാണ് ചരിത്രത്താളുകൾ മുതൽ ജെൻസികാലത്തെ തെരഞ്ഞെടുപ്പ് ചുമരെഴുത്തുകളിൽ വരെ കുണ്ടറക്കുള്ള വിശേഷണം. പരമ്പരാഗത വ്യവസായങ്ങളുടെയും ഈറ്റില്ലം എന്നതിൽ തുടങ്ങി കൊല്ലത്തിന്‍റെ ഐ.ടി പാർക്കിന് വരെ അടിത്തറ ശക്തമായ കുണ്ടറയിൽ തെരഞ്ഞെടുപ്പാകുമ്പോൾ വീറും വാശിയും ഏറുന്ന പോരാട്ടങ്ങളാണ് എക്കാലവും കാണാറുള്ളത്. തെരഞ്ഞെടുപ്പുകൾ മാറിയും മറിഞ്ഞും വരുമ്പോൾ ഇടതുപക്ഷത്തിന്‍റെ ചെഞ്ചുവപ്പിനോടും ഐക്യമുന്നണിയുടെ ഖദറിനോടും മാറിയും തിരിഞ്ഞും അടുപ്പംകാണിക്കുന്ന ശീലമാണ് മണ്ഡലത്തിനുള്ളത്. വമ്പൻമാരെ വീഴ്ത്തിയും അട്ടിമറികൾക്ക് കളമൊരുക്കിയും പല തെരഞ്ഞെടുപ്പുകളിലും കുണ്ടറ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
1967ൽ മൂന്നാം നിയമസഭ മുതൽ ആണ് കുണ്ടറ മണ്ഡലത്തിന്‍റെ നിയമസഭ ചരിത്രം ആരംഭിച്ചത്. തുടക്കം തന്നെ കമ്യൂണിസത്തെ ചേർത്തുപിടിച്ചായിരുന്നു. ഡോ. പി.കെ. സുകുമാരൻ സി.പി.എം പ്രതിനിധിയായി കുണ്ടറയിൽ ജയം പിടിച്ചു. 1970ൽ കോൺഗ്രസിനൊപ്പമായി കുണ്ടറ. അന്ന് കൈപിടിച്ച എ.എ. റഹീമിന് തുടർച്ച നൽകി 1977ലും കൂടെനിന്നു. പിന്നീട് 1980 മുതൽ 2001 വരെയും സി.പി.എമ്മിനും കോൺഗ്രസിനും ഇടവിട്ട് അവസരം നൽകി. 1980ൽ സി.പി.എമ്മിനായി വി.വി. ജോസഫ്, 1982ൽ കോൺഗ്രസിന്‍റെ തോപ്പിൽ രവി, 1987ൽ സി.പി.എമ്മിന്‍റെ ജെ.മേഴ്സികുട്ടിയമ്മ, 1991ൽ കോൺഗ്രസിന്‍റെ അൽഫോൺസ ജോൺ, 1996ൽ വീണ്ടും മേഴ്സിക്കുട്ടിയമ്മ, 2001ൽ കോൺഗ്രസിനായി കടവൂർ ശിവദാസൻ എന്നതായിരുന്നു ഫലം.
1987 മുതൽ നാല് തെരഞ്ഞെടുപ്പുകളിൽ സി.പി.എം കുണ്ടറയുടെ വിശ്വസ്ത സാരഥിയായി കണ്ട മേഴ്സിക്കുട്ടിയമ്മ രണ്ട് തവണ വിജയം നേടിയപ്പോൾ, ഇതേ മേഴ്സികുട്ടിയമ്മയെ അട്ടിമറിച്ച് 2001ൽ മണ്ഡലം പിടിച്ച കടവൂർ ശിവദാസൻ സംസ്ഥാന മന്ത്രിയുമായി വൻതിളക്കത്തിലായിരുന്നു. 2016ൽ എം.എ. ബേബിയുടെ പിൻമുറക്കാരിയായി ജയിച്ച് മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മയെ പക്ഷേ, 2021ൽ മണ്ഡലം കൈവിട്ടു.
കോൺഗ്രസിന്‍റെയും പി.സി. വിഷ്ണുനാഥിന്‍റെയും കൈപിടിച്ച് അട്ടിമറിയുമായി ഞെട്ടിച്ച കുണ്ടറയിൽ ഇത്തവണയും പോരാട്ടം അതികഠിനം എന്നതാണ് സ്ഥിതി. സിറ്റിങ് എം.എൽ.എയായ പി.സി. വിഷ്ണുനാഥിനെ എതിരിടാൻ ‘ലോക്കൽ’ സപ്പോർട്ടുമായി എസ്.എൽ. സജികുമാറിനെയാണ് എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ നിർണായകമായ എൻ.ഡി.എ ആകട്ടെ റോബിൻ രാധാകൃഷ്ണൻ എന്ന സെലിബ്രിറ്റിയെ ആണ് വോട്ട് സമാഹരിക്കാൻ ചുമതലയേൽപ്പിച്ചത്.
2024 പാർലമെന്‍റ് തെരഞ്ഞെടുപ്പും 2025 തദ്ദേശ തെരഞ്ഞെടുപ്പും നോക്കിയാൽ യു.ഡി.എഫ് തട്ടിനാണ് ഭാരം കൂടുതൽ. എൻ.കെ. പ്രേമചന്ദ്രന് പാർലമെന്‍റിൽ ഭൂരിപക്ഷം നൽകി. ഏഴ് പഞ്ചായത്തുകൾ ഉള്ള മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴിൽ നാല് പഞ്ചായത്തുകൾ ആണ് യു.ഡി.എഫിനൊപ്പം നിന്നത്. മൂന്നെണ്ണം എൽ.ഡി.എഫിന് ഒപ്പവും. ഈ രണ്ട് കണക്കും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനവും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുമ്പോൾ, സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തന നേട്ടങ്ങളും മണ്ഡലത്തിന്‍റെ ഇടതുപക്ഷ ചരിത്രവും നാട്ടുകാരനായ സ്ഥാനാർഥി എന്ന ചിത്രവും അനുകൂലമാകുമെന്ന് എൽ.ഡി.എഫ് ക്യാമ്പ് കരുതുന്നു. എൻ.ഡി.എ ആകട്ടെ ഇത്തവണ സീറ്റ് ബി.ഡി.ജെ.എസിന് നൽകാതെ ബി.ജെ.പി സ്ഥാനാർഥിയെ തന്നെ നിർത്തിയെങ്കിലും നാട്ടുകാർക്കിടയിൽ ഇറങ്ങിപ്രവർത്തിക്കുന്ന പ്രവർത്തകൻ അല്ല എന്നത് നിർണായഘടകമാകും.
4523 വോട്ട് ഭൂരിപക്ഷത്തിന് 2021ൽ പി.സി. വിഷ്ണുനാഥ് ജയിച്ചപ്പോൾ എൻ.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി വനജ വിദ്യാധരൻ പിടിച്ച വോട്ടിനേക്കാൾ മണ്ഡലത്തിന്‍റെ വിധി നിർണയിച്ചത് പിടിക്കാതെ പോയ 10 ശതമാനത്തിലധികം വോട്ട് ആയിരുന്നു. വെറും 6100 വോട്ട് ആണ് വനജ വിദ്യാധരന്‍റെ പെട്ടിയിൽ വീണത്. 2016ൽ ബി.ജെ.പി സ്ഥാനാർഥിയായി എം.എസ്. ശ്യാംകുമാറിന് കുണ്ടറയിൽ കിട്ടിയത് 20257 വോട്ട് ആയിരുന്നു. 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെ.വി. സാബു കുണ്ടറയിൽ പിടിച്ചത് 14696 വോട്ടുകൾ ആയിരുന്നു. 2021ൽ എൻ.ഡി.എയിൽ നിന്ന് ചോർന്ന് പോയ വോട്ടുകൾ ആണ് കുണ്ടറയുടെ വിധി നിർണയിച്ചത് എന്നത് എൽ.ഡി.എഫ് തന്നെ ഉയർത്തുന്ന വാദമാണ്. യു.ഡി.എഫ് അത് എത്ര നിഷേധിച്ചാലും കണക്കുകൾ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ വോട്ട് ഷെയർ മണ്ഡലത്തിൽ ഇത്തവണയും നിർണായകമാകും എന്നതാണ്.
2026ൽ പോർമുഖത്ത്
പി.സി. വിഷ്ണുനാഥ് (48)
യു.ഡി.എഫ്: കോൺഗ്രസ് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്. 2006, 2011 ചെങ്ങന്നൂർ എൽ.എൽ.എ. അഞ്ചാം മത്സരം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി പദവികൾ വഹിച്ചു. പുത്തൂർ മാവടിയിൽ പരേതനായ പി. ചെല്ലപ്പൻ പിള്ള-ലീല സി.പിള്ള ദമ്പതികളുടെ മകൻ. ഭാര്യ: കനകഹാമ. മകൾ: അന്നപൂർണേശ്വരി ദേവി.
എസ്.എൽ. സജികുമാർ (57)
സി.പി.എം: കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗം. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് , കൊല്ലം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും കയർഫെഡ് ചെയർമാനും ആയിരുന്നു. ഹൈസ്കൂൾ കാലത്ത് എസ്.എഫ്.ഐയിലൂടെ ഇടതുരാഷ്ട്രീയത്തിൽ. എസ്.എഫ്.ഐ ജില്ല ജോയിന്‍റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി, കൊല്ലം ജില്ല കമ്മിറ്റി അംഗം, സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി. തയ്യൽ തൊഴിലാളി നേതാവ് ആയിരുന്ന കെ.പി. ലോറൻസ് പിതാവും എൽസി മാതാവുമാണ്.
ഡോ. റോബിൻ രാധാകൃഷ്ണൻ
എൻ.ഡി.എ: ബി.ജെ.പി. തിരുവനന്തപുരം ജില്ലയിലെ പട്ടം ആണ് സ്വദേശം. ബിഗ് ബോസ് മലയാളം സീസൺ നാല് മത്സരാർഥി. തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ ആയി പ്രവർത്തിക്കുന്നു. പിതാവ്: രാധാകൃഷ്ണൻ. ഭാര്യ: ആരതി പൊടി.
വോട്ട്നില 2021
- പി.സി. വിഷ്ണുനാഥ് കോൺഗ്രസ് - 76405 -48.86 %
- ജെ.മേഴ്സിക്കുട്ടിയമ്മ സി.പി.എം - 71882 -45.97 %
- വനജ വിദ്യാധരൻ ബി.ഡി.ജെ.എസ് - 6100 -3.91 %
വോട്ട്നില 2016
- ജെ.മേഴ്സിക്കുട്ടിയമ്മ സി.പി.എം - 79047 -51.81%
- രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് - 48587 -31.85%
- എം.എസ്. ശ്യാംകുമാർ ബി.ജെ.പി - 20257 -13.28%


