കൊല്ലം ജില്ല സ്കൂൾ കായികമേള; അഞ്ചൽ മുന്നേറ്റം തുടരുന്നു
text_fieldsഎസ്. ആദർശ്, ഹൈജംപ്, സീനിയർ ബോയ്സ്, ഗവ. എം.ആർ.എസ് കുളത്തൂപ്പുഴ
കൊട്ടാരക്കര: ചെളിയിലും മഴയിലും വഴുതിവീഴാത്ത വീര്യവുമായി കൗമാരതാരങ്ങളുടെ കുതിപ്പ്. ആ മുന്നേറ്റത്തിന് മെഡൽ വൈബൊരുക്കി അഞ്ചൽ സംഘം മുന്നണിപ്പോരാളികളായി തകർക്കുന്നു. ജില്ല സ്കൂൾ കായികമേളയിൽ രണ്ട് ദിനങ്ങളിലായി 83 മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 132 പോയന്റിന്റെ തകർപ്പൻ മുന്നേറ്റവുമായി ഓവറോൾ നേട്ടത്തിലേക്ക് കുതിച്ചുകയറുകയാണ് അഞ്ചൽ.
14 സ്വർണവും 15 വെള്ളിയും 17 വെങ്കലവുമാണ് അഞ്ചലിന്റെ താരങ്ങൾ ഇതുവരെ നേടിയത്. അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ്, അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസ് എന്നിവടങ്ങളിൽ നിന്നെത്തിയ പ്രതിഭകളുടെ മികവിലാണ് അഞ്ചൽ ഉപജില്ലയുടെ മുന്നേറ്റം.
ഭൂതക്കുളം ഗവ. എച്ച്.എസ്.എസിന്റെ കരുത്തിൽ തകർക്കുന്ന ചാത്തന്നൂർ ഉപജില്ലയാണ് അപ്രതീക്ഷിത കയറ്റവുമായി രണ്ടാം സ്ഥാനത്ത്. 72 പോയന്റ് ആണ് ചാത്തന്നൂരിന്റെ സമ്പാദ്യം. 10 സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും ആണ് ഇതുവരെയുള്ള നേട്ടം. മുൻ ജേതാക്കളായ പുനലൂർ 62 പോയന്റുമായി മൂന്നാമതാണ്. ആറ് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഇതുവരെ നേടിയത്.
സ്കൂളുകളിൽ, കരുത്തോടെ കുതിപ്പ് തുടരുകയാണ് അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്. 71 പോയന്റുമായി ഒന്നാം സ്ഥാനത്ത് ആണ് സ്കൂൾ. ഏഴ് വീതം സ്വർണവും വെള്ളിയും 15 വെങ്കലവും ആണ് സ്കൂളിന്റെ നേട്ടം. കഴിഞ്ഞവർഷവും കാഴ്ചവെച്ച മുന്നേറ്റം ഇത്തവണയും ആവർത്തിക്കുകയാണ് ഭൂതക്കുളം ഗവ.എച്ച്.എസ്.എസിൽ നിന്ന് എത്തിയ സംഘം.
ഒന്നാം സ്ഥാനക്കാരുടേതിന് സമാനമായി ഏഴ് സ്വർണം ഇതിനകം നേടിയ ഭൂതക്കുളത്തെ മിടുക്കർ ആകെ 46 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അവരുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നു. 39 പോയന്റുമായി പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് ആണ് മൂന്നാമത്. മൂന്ന് സ്വർണം, ആറ് വീതം വെള്ളിയും വെങ്കലവും ആണ് നേട്ടം.


