കൊല്ലത്ത് പോർക്കളം തുറന്ന് കോൺഗ്രസ്; എ.കെ. ഹഫീസ് മേയർ സ്ഥാനാർഥി
text_fieldsകൊല്ലം: കോർപ്പറേഷനിൽ തദ്ദേശ പോരാട്ടത്തിന്റെ പോർക്കളം തുറന്ന് കോൺഗ്രസ്. യു.ഡി.എഫിന്റെ കൊല്ലത്തെ തെരഞ്ഞെടുപ്പ് മുഖമായി കോൺഗ്രസിന്റെ മുതിർന്ന നേതാവും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ എ.കെ. ഹഫീസ് മേയർ സ്ഥാനാർഥിയാകും. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് മേയർ സ്ഥാനാർഥിയെ ഉൾപ്പെടെ കോർപറേഷനിലെ 13 ഡിവിഷനുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കൊല്ലത്തും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കൊല്ലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം വി.എസ്.ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. എൽ.ഡി.എഫ് നേതൃത്വം നൽകുന്ന കോർപ്പറേഷനെതിരെ കുറ്റപത്രവും സമർപ്പിച്ചു. ആദ്യമായാണ് ഇത്രനേരത്തെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. ആകെയുള്ള 56 വാർഡുകളിൽ മുന്നണിയിൽ കോൺഗ്രസിന്റെതായി തർക്കരഹിതമെന്ന് വിശേഷിപ്പിക്കാവുന്ന ഡിവിഷനുകളിലാണ് സ്ഥാനാർഥിയെ നിർണയിച്ചത്.
ആകെ 38 വാർഡുകളിൽ ആയിരിക്കും കോൺഗ്രസ് മത്സരിക്കുന്നത്. മുന്നണി കക്ഷികളായ ആർ.എസ്.പിക്ക് 11 ഡിവിഷനുകളും മുസ്ലിം ലീഗിന് അഞ്ച് ഡിവിഷനുകളും ഫോർവേഡ് ബ്ലോക്ക്, കേരള കോൺഗ്രസ്(ജേക്കബ്) എന്നിവർക്ക് ഓരോ ഡിവിഷനുകളുമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 13 ഡിവിഷൻ സ്ഥാനാർഥികളിൽ കുരുവിള ജോസഫ് മാത്രമാണ് നിലവിലെ കൗൺസിലർ ആയുള്ളത്. സ്ഥാനാർഥി നിർണയം തർക്കരഹിതമായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. പുനർവിന്യാസത്തിന് ശേഷം ഒന്നാം ഡിവിഷൻ ആയി പേരുമാറിയ ശക്തികുളങ്ങര ഹാർബർ ഡിവിഷനിൽ സേവ്യർ മത്യാസ്, കാവനാട്(4) രാധിക, കടവൂർ(11) ധന്യരാജു, വടക്കുംഭാഗം(14) കുരുവിള ജോസഫ്, കടപ്പാക്കട(18) അഡ്വ. എ. സന്തോഷ്, വടക്കേവിള(28) ഡി. കൃഷ്ണകുമാർ, പുന്തലത്താഴം(32) പി. രാജേന്ദ്രൻ പിള്ള, പാലത്തറ(33) ചിത്ര ലേഖദാസ്, തെക്കുംഭാഗം(39) ജെ. ഇസബെല്ല, താമരക്കുളം(47) എ.കെ. ഹഫീസ്, തങ്കശേരി(51) ഡോ. ഉദയ സുകുമാരൻ കരുമാലിൽ, തിരുമുല്ലവാരം(52) ഉദയ തുളസീധരൻ, മുളങ്കാടകം(53)രഞ്ജിത് കലിംഗമുഖം എന്നിങ്ങനെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.
നേരത്തെതന്നെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏകദേശം പൂർത്തീകരിച്ചിരുന്നു. ആർ.എസ്.പിക്ക് കഴിഞ്ഞ തവണ നൽകിയ 11 സീറ്റ് തന്നെയാണ് ഇക്കുറിയും അനുവദിച്ചത്. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗിനും അത് തന്നെയാണ് ഇത്തവണയും ലഭിക്കുന്നത്. ഇരുകക്ഷികളും ഭൂരിഭാഗം സ്ഥാനാർഥികളെയും നിശ്ചയിച്ചുകഴിഞ്ഞു.
അതേസമയം, ആർ.എസ്.പിയും മുസ്ലിം ലീഗും തമ്മിൽ സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ചുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. ഘടകകക്ഷികൾ സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടത്തും. കോൺഗ്രസിന്റെ അടുത്തഘട്ട സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഇടംപിടിക്കുമെന്ന സൂചനയും ഡി.സി.സി പ്രസിഡന്റ് നൽകി.
ബുധനാഴ്ച കോർപ്പറേഷൻ ഓഫീസിനുമുന്നിൽ യു.ഡി.എഫ് കുറ്റപത്ര സമർപ്പണ സമ്മേളനം സംഘടിപ്പിക്കും. നിലവിലെ ഭരണസമിതിയിൽ ആകെയുള്ള 55 വാർഡുകളിൽ എൽ.ഡി.എഫിന് 39 സീറ്റുകൾ ആണുള്ളത്. അതിൽ സി.പി.എമ്മിന് 29ഉും സി.പി.ഐക്ക് 10 സീറ്റുമാണ്. യു.ഡി.എഫിൽ കോൺഗ്രസ് -6, ആർ.എസ്.പി- 3 എന്നിങ്ങനെയാണ് സീറ്റ് നില. ബി.ജെ.പി-6, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില.


