കൊല്ലം – ഈറോഡ് എക്സ്പ്രസ് ട്രെയിൻ യാഥാർഥ്യമാകുന്നു
text_fieldsകൊല്ലം: കൊല്ലം - ഈറോഡ് എക്സ്പ്രസ് ട്രെയിൻ യാഥാർഥ്യമാകുന്നു. കേരളത്തിലെ തെക്കൻ മേഖലയിൽ നിന്നുള്ള ദീർഘദൂര യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം ദക്ഷിണ റെയിൽവേ എടുത്തതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പുതിയ ട്രെയിൻ കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെങ്കാശി, വിരുദുനഗർ, മധുര, ഡിണ്ടിക്കൽ, പളനി, പൊള്ളാച്ചി, കോയമ്പത്തൂർ വഴി ഈറോഡിൽ സർവീസ് അവസാനിപ്പിക്കും.
പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991-96 കാലയളവ് മുതൽ റെയിൽവേ അധികൃതരോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ആദ്യം ദക്ഷിണ റെയിൽവേ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവിൽ കൊല്ലം - പുനലൂർ - മധുര - പളനി - കോയമ്പത്തൂർ വരെയുള്ള മീറ്റർ ഗേജ് സർവീസ് അനുവദിച്ചു. എന്നാൽ പിന്നീട് കൊല്ലം - പുനലൂർ പാത ബ്രോഡ് ഗേജിലേക്കു മാറ്റിയതോടെ സർവീസ് നിർത്തിവെച്ചു. ആ സർവീസ് പുന:രാരംഭിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. ഇതിന് പരിഹാരമായാണ് പുതിയ കൊല്ലം - ഈറോഡ് സർവീസുമായി റെയിൽവേ മന്ത്രാലയം മുന്നോട്ട് നീങ്ങുന്നത്.
ട്രെയിൻ കോയമ്പത്തൂരിൽ അവസാനിപ്പിക്കണമെന്ന പൊതുവായ ആവശ്യത്തിന് തടസമായുള്ളത് അവിടെ നിലവിലുള്ള പ്ലാറ്റ്ഫോം അസൗകര്യങ്ങളാണ്. ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സർവീസ് ഇപ്പോൾ ഈറോഡിൽ അവസാനിപ്പിക്കാനാണ് തീരുമാനം. മധ്യകേരളത്തിലെ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുന്നതിനായി സർവീസ് കോട്ടയം മുതൽ ആരംഭിക്കണമെന്ന ആവശ്യം മന്ത്രാലയത്തോടും റെയിൽവേ അധികാരികളോടും ഉന്നയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസേന തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. മധുര, പളനി, കോയമ്പത്തൂർ എന്നിവടങ്ങളിൽ എത്താൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന ഈ യാത്രക്കാരുടെ ദീർഘകാല പ്രതിസന്ധിക്ക് ഈ സർവീസ് വരുന്നതോടെ പരിഹാരമാകും.