Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം റെയിൽവേ...

കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം: അസൗകര്യങ്ങളിൽ വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം: അസൗകര്യങ്ങളിൽ വലഞ്ഞ് യാത്രക്കാർ
cancel
camera_alt

കൊല്ലം റെയിൽവേ സ്റ്റേഷനിലെ നിർമാണപ്രവർത്തനങ്ങൾ മൂലം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ഞെരുക്കം

കൊല്ലം: നവീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ അസൗകര്യങ്ങളിൽ യാത്രക്കാരുടെ ദുരിതം വർധിക്കുന്നു. നിർമാണത്തിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്. പ്ലാറ്റ്ഫോമുകളൊന്നും തന്നെ ശരിയായ സ്വഭാവത്തിലായിട്ടില്ല. ഇരിപ്പിടങ്ങളുടെ കുറവും താൽക്കാലികമായി ഒരുക്കിയ ശുചിമുറിയും കാത്തിരിപ്പ് മുറിയും എവിടെയാണെന്ന് മനസ്സിലാകാത്തതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ട്രൈയിൻ വന്നുചേരുന്നതിന്‍റെ അനൗൺസ്മെന്‍റ് പോലും പ്ലാറ്റ്ഫോമിൽ നിൽക്കുന്ന എല്ലാവർക്കും കേൾക്കാനുള്ള സംവിധാനം ഇല്ലാതായിട്ട് മാസങ്ങളായി. മേൽക്കൂര പൂർണമായും എടുത്ത് കളഞ്ഞതിനാൽ വെയിലേറ്റ് ഉരുകിയാണ് യാത്രക്കാർ തീവണ്ടി കാത്തുനിൽക്കേണ്ടി വരുന്നത്. നവീകരണഭാഗമായി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ ഇടത്തേ അറ്റത്താണ് ഇപ്പോൾ ശുചിമുറിയും കാത്തിരിപ്പ് കേന്ദ്രവും സജ്ജീകരിച്ചിരിക്കുന്നത്.

പ്രധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന ആർക്കും ഇതു മനസ്സിലാകില്ല. ഇംഗ്ലീഷിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് ശുചിമുറിയിലേക്കും കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കുമുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. അതല്ലാതെ തന്നെ പലവിധ ബോർഡുകളുള്ളതിനാൽ, ആളുകൾക്ക് പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാന കവാടത്തിന് സമീപത്തെ ഇരിപ്പിടങ്ങളെല്ലാം ഒഴിവാക്കി. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ ഏറെ ദൂരം വലതുവശത്തേക്കുപോയാൽ മാത്രമേ യാത്രക്കാർക്ക് ഇരിക്കാൻ സാധിക്കൂ. അല്ലെങ്കിൽ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകണം. അവിടെയും ഇരിപ്പിടങ്ങൾ ചില ഭാഗത്ത് മാത്രമാണുള്ളത്.

തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്രധാനമായും എത്തുന്ന ഒന്നാം പ്ലാറ്റ്ഫോമിന്റെ ഇടതുഭാഗത്തോ മധ്യഭാഗത്തോ ഇരിപ്പിടങ്ങളേ ഇല്ല. രണ്ടാം പ്ലാറ്റ്ഫോമിലും മധ്യഭാഗത്ത് ഇരിപ്പിടങ്ങളില്ല. കോട്ടയം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള വണ്ടികളെല്ലാം ഈ പ്ലാറ്റ് ഫോമിലാണ് വരുന്നത്. പണിനടക്കുന്ന ഭാഗം കെട്ടി അടച്ചതിനാൽ പ്ലാറ്റ് ഫോമിന്‍റെ പലഭാഗത്തും വീതി കുറവാണ്. ഇതു കാരണം ട്രൈയിൻ വരുന്ന സമയത്ത് ഇറങ്ങാനും കയറാനുമുള്ള തിരക്കിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാനാവാതെ വരുന്നു.

കമ്പാർട്ട്മെന്‍റ് തേടി ഓടി എത്തുന്നവർ പരസ്പരം തട്ടി വീണ് അപകടത്തിൽപെടുന്നതും പതിവായി. റെയൽവേ അനൗൺസ് മെന്‍റ് സംവിധാനം ഇവിടെ പാടെ തകർന്നിരിക്കുകയാണ്. പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്ത് നിൽക്കുന്നവർക്ക് മാത്രമേ അനൗൺസ്മെന്‍റ് കേൾക്കാൻ സാധിക്കൂ. റിസർവ് ചെയ്ത് ട്രെയിനിൽ കയറാൻ വരുന്നവർക്ക് തങ്ങളുടെ റിസർവേഷൻ കമ്പാർട്ട് മെന്‍റ് എവിടെയാണന്ന് അനൗൺസ് ചെയ്യുമ്പോൾ കേൾക്കാൻ കഴിയാതെ വരുന്നുണ്ട്.

കഴിഞ്ഞദിവസം മംഗലപുരത്തിനുള്ള മലബാർ എകസ്പ്രസ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് റിസർവേഷൻ കമ്പാർട്ട്മെന്‍റ് സംവിധാനിച്ചിരുന്നത്. ഇത് അനൗൺസ് ചെയ്തിരുന്നെങ്കിലും പലർക്കും കേൾക്കാൻ കഴിയാതിരുന്നതിനാൽ വണ്ടി വന്നപ്പോൾ കമ്പാർട്ട്മെന്‍റ് തേടി ഓടേണ്ടി വന്നു. റെയിൽവേ സ്റ്റേഷന് പുറത്തെ ടിക്കറ്റ് കൗണ്ടറിന് മുന്നിലാണ് ഇപ്പോൾ ടാക്സികൾ നിർത്തിയിടുന്നത്. പ്രധാന കവാടം ഭൂരിഭാഗവും പൊളിച്ചതോടെയാണ് ഈ മാറ്റം വന്നത്. ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ പോകാനും നിൽക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Show Full Article
TAGS:railway station renovation Kollam 
News Summary - Kollam railway station renovation: Passengers face inconvenience
Next Story