ആസിഡ് ആക്രമണം: പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsഗോപകുമാർ
കൊട്ടാരക്കര: പുത്തൂർ കണിയാപൊയ്കയിൽ സഹോദരന്മാർക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും. പുത്തൂർ ,കണിയാപൊയ്ക, അനി ഭവനിൽ അനിൽ ജോൺ, ടെനി ജോൺ എന്നിവരെ ആക്രമിച്ച കേസിൽ പുത്തൂർ കണിയാപൊയ്കവീട്ടിൽ ഗോപകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 3 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജ് എ. ഷാനവാസ് വിധിച്ചു.
2018 ഏപ്രിൽ 14 ന് രാത്രിയാണ് സംഭവം. വഴിയിൽ സഹോദരിയെ യാത്രയാക്കാൻ നിന്ന അനിൽ ജോൺ, ടെനി ജോൺ എന്നിവരുമായി മുൻ വൈരാഗ്യത്തിന്‍റെ പേരിൽ സമീപവാസിയായ ഗോപകുമാർ വാക്ക് തർക്കം ഉണ്ടായി. വഴക്കിനിടെ വീട്ടിലേക്ക് ഓടി റബർ പുരയിൽ വച്ചിരുന്ന ഫോമിക്കാസിഡ് ഒരു കപ്പിൽ പകർന്നശേഷം ഇരുവർക്കും നേരെ വീശി എറിയുകയായിരുന്നു. അനിലിന്‍റെ രണ്ടു കണ്ണിലും മുഖത്തും കഴുത്തിലും നെഞ്ചിലും ടെനിയുടെ മുഖത്തും കണ്ണിലും ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റു.
അനിൽ ജോണിന് ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ടെനിയുടെ കാഴ്ചക്ക് മങ്ങൽ ഏറ്റു. കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറായിരുന്ന അനിലിന്‍റെ ഗൾഫിലെ ജോലി നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വെളിയം കെ. ഷാജി ഹാജരായി.


