കുപ്പികൊണ്ട് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര ആനയത്ത് റോഡരികിൽ നിന്നയാളെ പൊട്ടിയ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പ്രതി പുനലൂർ ഈട്ടിവിള വീട്ടിൽ രാജനെ(59) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആനയം മൈലക്കുഴി പുത്തൻവീട്ടിൽ ഗുരുകുമാരൻ തമ്പി(46)ക്കാണ് കുത്തേറ്റത്. വയറിന് മുകളിലും തോളിലും കുത്തേറ്റ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതിന് ആനയം മന്ദിരം ജങ്ഷനിലാണ് സംഭവം. ആനയത്ത് അടുത്തകാലത്തായി താമസിച്ചുവരികയായിരുന്നു രാജൻ. മദ്യലഹരിയിൽ, മന്ദിരം ജങ്ഷനിൽ നിന്നിരുന്ന ഗുരുകുമാരൻ തമ്പി അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായതും കുപ്പികൊണ്ട് കുത്തിയതും. കുത്തിപരിക്കേൽപ്പിച്ച ശേഷം രാജൻ ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെ കൊട്ടാരക്കരയിലെ ബാറിൽ മദ്യപിക്കാനെത്തിയപ്പോഴാണ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.