മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ജീവനക്കാരനെതിരെ നടപടി
text_fieldsതാലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലം
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. മോർച്ചറി ഡ്യൂട്ടിക്കുണ്ടായിരുന്ന ഗോപുവിനെയാണ് ചുമതലയിൽനിന്ന് മാറ്റിയത്.
പകരം മറ്റൊരാൾക്ക് ചുമതല നൽകി. പോസ്റ്റുമോർട്ടത്തിന് ഡോക്ടർക്കൊപ്പം സഹായികളായി നിൽക്കുന്ന ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിൽ അന്വേഷണ കമീഷനെ നിയോഗിച്ചതായി സൂപ്രണ്ട് ഡോ.നിബിൻ കൃഷ്ണ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി കൈക്കൊള്ളും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോട്ടാത്തല സ്വദേശി തുളസീധരൻ പിള്ളയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് എടുത്തപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മോർച്ചറി സംവിധാനം കൃത്യമായി പ്രവർത്തിപ്പിക്കാത്തതിനാലാണ് മൃതദേഹം അഴുകിയതെന്നാണ് വിവരം.
അടുത്തിടെ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച തുക ഉപയോഗിച്ച് 12 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമുള്ള മോർച്ചറി ഇവിടെ സജ്ജമാക്കിയിരുന്നു. കെട്ടിടം താത്കാലിക ഷെഡാണെങ്കിലും ഫ്രീസർ സംവിധാനം അത്യാധുനികമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിൽ സൂക്ഷിച്ച മൃതദേഹമാണ് അഴുകിയത്. ഈ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ഡോക്ടർ വിസമ്മതിച്ചതായും ആക്ഷേപമുണ്ട്. വിവിധ തലങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായതോടെ സൂപ്രണ്ട് കർശന നിർദ്ദേശം നൽകിയാണ് പോസ്റ്റുമോർട്ടം ഇവിടെത്തന്നെ നടത്തിച്ചത്.
പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറുടെ സഹായികളായി പ്രവർത്തിച്ച ആശുപത്രി ജീവനക്കാർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതി ഉയർന്നു. മരിച്ചയാളുടെ ബന്ധുക്കൾ 1500 രൂപ നൽകിയെങ്കിലും അത് പോരെന്ന് പറഞ്ഞ് തർക്കിച്ചു. വീണ്ടും 500 രൂപകൂടി നൽകി പൊതുപ്രവർത്തകർ കൂടി ബന്ധപ്പെട്ടപ്പോഴാണ് പ്രശ്നം പരിഹരിച്ചത്. മോർച്ചറി ഉപയോഗിച്ചതിന് പണമടച്ച് രസീത് വാങ്ങേണ്ടതില്ലായിരുന്നുവെന്നും പണം നേരിട്ട് തന്നാൽ മതിയെന്നും ജീവനക്കാരൻ പറഞ്ഞതായും ആരോപണമുണ്ട്.
ഇത്തരത്തിൽ ദിവസവും അനധികൃത പണം ഇടപാടുകൾ മോർച്ചറിയും പോസ്റ്റുമോർട്ടം യൂനിറ്റുമായി ബന്ധപ്പെട്ട് നടക്കുന്നതായി ആക്ഷേപമുണ്ട്. വിഷയം ഡി.എം.ഒയുടെയും ആശുപത്രി സൂപ്രണ്ടിന്റെയും ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ മന്ത്രിയും മന്ത്രി കെ.എൻ.ബാലഗോപാലും വിഷയത്തിൽ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് പ്രത്യേക ടീമിനെ സൂപ്രണ്ട് നിയോഗിച്ചത്.


