കൊട്ടാരക്കര താലൂക്ക് ആശുപത്രി; സർജറി വാർഡിലേക്ക് ലിഫ്റ്റ് ഇല്ല, രോഗികളെ എത്തിക്കുന്നത് ചുമന്ന്
text_fieldsകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയായ വയോധികയെ ഏഴുപേർ ചേർന്ന് സർജറി
റൂമിലേക്ക് കൊണ്ടുപോകുന്നു
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ സർജറി വാർഡ് പ്രവർത്തിക്കുന്നത് ലിഫ്റ്റ് ഇല്ലാതെ. രോഗികളെ ഓപറേഷൻ തീയറ്ററിൽ എത്തിക്കുന്നതും സർജറി കഴിഞ്ഞ് തിരികെ വാർഡിൽ എത്തിക്കുന്നതും കുത്തനെയുള്ള പടവുകളിലൂടെ സ്ട്രെച്ചറിൽ കൈച്ചുമടായിട്ടാണ്.
വർഷങ്ങളായി ആശുപത്രിയിൽ സർജറി ആവശ്യമായ ചികിത്സക്കെത്തുന്നവർ നേരിടേണ്ടി വരുന്ന ദുരവസ്ഥയാണിത്. ആശുപത്രിയിലെ മെറ്റെണിറ്റി ബ്ലോക്കിലെ മൂന്നാം നിലയിലാണ് സർജറി വാർഡ്. ഓപറേഷൻ തീയറ്റർ രണ്ടാം നിലയിലും. നിലവിൽ രണ്ടാം നില വരെ മാത്രമാണ് ലിഫ്റ്റ്.
പഴക്കംമൂലം നിരന്തരം കേടാകുകയും ദിവസങ്ങൾക്കുള്ളിൽ അറ്റകുറ്റപണി നടത്തി ലിഫ്റ്റ് പുനസ്ഥാപിക്കുകയും ചെയ്യുന്നത് സ്ഥിരമാണ്. മൂന്ന് ദിവസം മുമ്പ് വയോധികയെ ജീവനക്കാരും മറ്റുള്ളവരടക്കം എഴോളം പേരെ സ്ട്രെച്ചറിൽ സർജറി റൂമിലേക്ക് കൊണ്ട് പോകുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് ഭീകരത പുറത്തറിയുന്നത്.
വർഷങ്ങളായി ദയനീയാവസ്ഥ തുടരുമ്പോഴും ആശുപത്രി അധികൃതരും കൊട്ടാരക്കര നഗരസഭയും പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലിഫ്റ്റ് ട്രാക്ക് തെറ്റി ഒന്നാം നിലയിൽ പതിക്കുകയും നാലു പേർക്ക് നിസാര പരിക്കേറ്റിരുന്നു.
സർജറി വാർഡിലേക്ക് ലിഫ്റ്റ് ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടതായി മൂന്നാഴ്ച മുമ്പ് സൂപ്രണ്ടായി ചാർജെടുത്ത ഡോ. എബി ജോൺ പറഞ്ഞു. ലിഫ്റ്റ് മൂന്നാം നിലയിലേക്ക് ഉൾപ്പെടുത്താൻ ലിഫ്റ്റ് കമ്പനിക്ക് റീ ടെൻഡർ നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായി മൂന്നാം നിലയിലെ ടോയ്ലറ്റ് മാറ്റി സ്ഥാപിക്കണം. അതിന്റെ നിർമാണ പ്രവർത്തനം തീരുന്നതിനനുസരിച്ച് രണ്ടാഴ്ച കൊണ്ട് ലിഫ്റ്റ് മൂന്നാം നിലയിൽ എത്തിക്കാനാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.