മാല പിടിച്ചുപറിക്കേസ്; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: വയോധികയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷണം പോയ കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ തൂത്തുക്കുടി, അണ്ണാനഗർ 12ൽ ഡോർ നമ്പർ 23ൽ കല്യാണി (45), പാർവതി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മേയ് 26ന് ഉച്ചയോടെ വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റിൽനിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ഓട്ടോയിൽ മടങ്ങവെയാണ് സംഭവം. വയോധിക വിളിച്ച ഓട്ടോയിൽ ഒന്നാം പ്രതി കല്യാണി ആദ്യം കയറിയിരിക്കുകയും തുടർന്ന് കൂട്ടാളിയായ പാർവതി വയോധികയെ അതേ ഓട്ടോറിക്ഷയിൽ തന്ത്രപൂർവം കയറ്റുകയുമായിരുന്നു. ഇരുവരുടെയും നടുക്ക് ഇരുന്ന വയോധികയുടെ കഴുത്തിൽ നിന്ന് രണ്ടരപ്പവൻ വരുന്ന സ്വർണമാല തന്ത്രപൂർവം കൊളുത്ത് ഊരി മോഷ്ടിച്ചു. മാല നഷ്ടപ്പെട്ടത് പിന്നീടാണ് അറിഞ്ഞത്.
പൊലീസിൽ നൽകിയ പരാതിയിൽ കൊട്ടാരക്കര സ്റ്റേഷൻ എ.സി.ഐ പി.ഡി. ജിജുകുമാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള നിരവധി കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


