ഓൺലൈൻ തട്ടിപ്പ്; കൊല്ലം റൂറലിൽ നഷ്ടം 18 കോടി, തിരികെ കിട്ടിയത് 1.72 കോടി
text_fieldsകൊട്ടാരക്കര: ഒരു വർഷത്തിനുള്ളിൽ കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ ഓൺലൈൻ തട്ടിപ്പിലൂടെ മാത്രം നഷ്ടമായത് 18 കോടിയോളം രൂപ. 2024-25 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 103 ഓൺലൈൻ തട്ടിപ്പ് കേസുകളിലായാണ് ഇത്രയും തുക നഷ്ടമായത്.
നഷ്ടമായ തുകയുടെ 10 ശതമാനത്തോളം തിരികെപിടിക്കാനായി എന്നത് മാത്രമാണ് ആശ്വാസം. തട്ടിപ്പുവഴി കൈക്കലാക്കി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 1.72 കോടി രൂപയാണ് പരാതിക്കാർക്ക് തിരികെ ലഭിച്ചത്. പൊലീസ് ഇടപെടലിൽ അക്കൗണ്ടുകളിൽ മരവിപ്പിച്ച തുക കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാർക്ക് തിരികെ നൽകിയത്. ബാക്കിയുള്ള പണം തിരികെ ലഭിക്കുന്നതിനായി നിയമ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റൂറൽ പൊലീസ് അധികൃതർ പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിൽപെട്ടതായി സംശയം തോന്നുന്നയാൾ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കണമെന്നും അതിനുശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തണമെന്നും അറിയിക്കുന്നു. തട്ടിപ്പുകാർ പ്രധാനമായും വ്യാജ ട്രേഡിങ് ആപ്ലിക്കേഷൻ ലിങ്കുകൾ ഓൺലൈൻ പാർട്ട്ടൈം ജോബുകൾ എന്നിങ്ങനെ പലതരത്തിലുമാണ് സമീപിക്കുന്നത്.
ഇത്തരം സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ അജ്ഞാത ലിങ്കുകൾ, ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കുകയും, ഒ.ടി.പി, ബാങ്ക് പാസ്വേഡ് തുടങ്ങിയവ ആരോടും പങ്കുവെക്കാതിരിക്കുകയും, സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയാൽ ഉടൻ ബാങ്കിനെ സമീപിക്കുകയും, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, എ.ടി.എം കാർഡ് എന്നിവ മറ്റുള്ളവർക്ക് കൈമാറാതിരിക്കുകയും ചെയ്യുക.
ഒരു അന്വേഷണ ഏജൻസിയും സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് വെർച്വൽ അറസ്റ്റ് ചെയ്യുകയോ അതിൽ നിന്ന് മോചിപ്പിക്കുന്നതിന് പണം ആവശ്യപ്പെടുകയോ ചെയ്യുകയില്ല. വെർച്വൽ അറസ്റ്റ് എന്ന നിയമനടപടി ഇല്ല. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
തട്ടിപ്പ് സംഘങ്ങൾ സ്കൂൾ, കോളജ് വിദ്യാർഥികളിൽ നിന്ന് അക്കൗണ്ട് ഡീറ്റെയിൽസ്, എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കി അതുവഴി തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ കൈമാറുന്ന ബാങ്ക് അക്കൗണ്ടുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കൊല്ലം റൂറൽ പൊലീസ് അറിയിച്ചു.