ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ട് കേസുകളിൽ പ്രതികൾ പിടിയിൽ
text_fieldsകെ.കെ. അജീര്‍, അബ്ദുല്‍ ഷുഹൈബ്
കൊട്ടാരക്കര: കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് അന്വേഷിച്ചുവന്ന രണ്ട് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതികളെ കാസർകോട് നിന്ന് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർകോട്ചന്തേര, പടന്ന മൂസാഹാജിമുക്ക് കെ.കെ. അജീര്‍ (19), കാസർകോട്, ഹോസ്ദുര്‍ഗ് പഴയ കടപ്പുറം, മൌലകിരിയത്ത് വീട്ടില്‍ അബ്ദുല്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന് ഷെയർ ട്രേഡിങ് കമ്പനി വഴി ഷെയര്‍ ട്രേഡ് ചെയ്യിപ്പിച്ച് ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 81.5 ലക്ഷം രൂപ തട്ടിച്ച പരാതിയിലാണ് കെ.കെ. അജീറിനെ അറസ്റ്റ് ചെയ്തത്.
അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ അലോട്ട്മെന്‍റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയിലാണ് ഷുഹൈബ് അറസ്റ്റിലായത്. ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പിന്‍വലിപ്പിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചുകൊടുക്കുന്ന മുഖ്യ പങ്കാളിയാണ് ഷുഹൈബ്.
കൊല്ലം റൂറല്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി പി.റെജി എബ്രഹാമിന്‍റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടർ അനില്‍കുമാര്‍ വി.വി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസമാരായ ജയേഷ് ജയപാല്‍, രാജേഷ്, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നതായി ജില്ല പൊലിസ് മേധാവി അറിയിച്ചു.