ഓടയിൽ കാൽകുടുങ്ങി; പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്
text_fieldsദേശീയപാതയിൽ പുലമൺ ജങ്ഷന് സമീപം വിദ്യാർഥിനിയുടെ കാൽ ഓടയിൽ കുടുങ്ങിയനിലയിൽ
കൊട്ടാരക്കര: പുലമൺ ജങ്ഷന് സമീപം ദേശീയപാതക്ക് സമീപത്തെ ഓടയിൽ കാൽകുടുങ്ങി വിദ്യാർഥിനിക്ക് പരിക്ക്. എസ്.ജി എച്ച്.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര ഷിബുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ദേശീയപതയിൽ നിന്നും എസ്.ജി കോളജിലേക്കുള്ള റോഡിന് കുറുകെയുള്ള ഓടയിലാണ് കാൽവഴുതിവീണത്.
സമീപത്തെ കടക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും രുദ്രയുടെ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി ഇരുമ്പ് പൈപ്പ് മുറിച്ചതിന് ശേഷമാണ് വിദ്യാർഥിനിയുടെ കാൽ പുറത്തെടുത്തത്. തുടർന്ന് വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിരവധി വിദ്യാർഥികളും യാത്രക്കാരും കടന്നുപോകുന്നത് ഇതുവഴിയാണ്. ഓടക്ക് മുകളിലെ ഇരുമ്പ് പൈപ്പ് മാസങ്ങളായി തകർന്നു കിടക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
രണ്ടുമാസം മുമ്പ് ഇതേ ഇരുമ്പ് പൈപ്പിന്റെ ഒരുഭാഗം അടർന്ന് മാറിയിരുന്നു. ഇക്കാര്യം യാത്രികർക്ക് തിരിച്ചറിയാൻ ഇരുമ്പ് പൈപ്പിന് മുകളിൽ ചുവന്ന തുണികൊണ്ട് മറച്ചിരുന്നു. പിന്നീട് ഓടയുടെ മുകളിൽ ഇരുമ്പ് പൈപ്പ് ഇട്ടു. അതാണ് ഇപ്പോൾ പൊട്ടി വിദ്യാർഥിനിയുടെ കാൽ ഓടയിൽ കുടുങ്ങാൻ കാരണമായത്.