പുത്തൂർ പാണ്ടറ ചിറ പായൽമൂടി നാശത്തിൽ
text_fieldsപായൽമൂടി നാശത്തിലായ പുത്തൂർ പാണ്ടറ ചിറ
കൊട്ടാരക്കര: പുത്തൂർ പാണ്ടറ ചിറ വീണ്ടും പായൽമൂടി നാശത്തിൽ. വേനൽക്കാലം അടുത്തിട്ടും ചിറ വൃത്തിയാക്കാൻ നടപടിയില്ല. ജില്ല പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ 31.40 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ചിറക്കാണ് ഈ ദുർഗതി.
2022 ആഗസ്റ്റ് 25ന് മന്ത്രി കെ.എൻ. ബാലഗോപാലാണ് നവീകരിച്ച ചിറ നാടിന് സമർപ്പിച്ചത്. പിന്നീട് ചിറ ശുദ്ധമാക്കാനും കുറ്റിക്കാടും പായലും നീക്കം ചെയ്യാനും അധികൃതർ തയാറായില്ല. ഇപ്പോൾ വെള്ളം നിറയെ പായൽമൂടുകയും നാല് ചുറ്റും കുറ്റിക്കാടുകൾ വളരുകയും ചെയ്തു. ഈ സ്ഥിതി തുടർന്നാൽ ഈ വേനൽക്കാലത്തും ചിറയിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല.
കുടിവെള്ള ക്ഷാമം സാധാരണയായ ഗ്രാമത്തിൽ കുളിക്കാനും തുണി അലക്കാനും വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിക്കേണ്ട ചിറയാണ് അധികൃതരുടെ ഉദാസീനതയിൽ നശിക്കുന്നത്.
ചിറയുടെ നാലുചുറ്റും സംരക്ഷണ ഭിത്തികളിൽ മരങ്ങൾ വളരുന്നുണ്ട്. നിർമാണ വേളയിൽ മരങ്ങളുടെ വേരുകൾ ഇളക്കി മാറ്റിയില്ല. ഇവയൊക്കെ പൊട്ടിക്കിളിർത്ത് വളരുന്നത് സംരക്ഷണ ഭിത്തിക്ക് ഭീഷണിയാണ്. കൊട്ടാരക്കര- പുത്തൂർ റോഡരികിലാണ് ചിറയും അനുബന്ധ ഭൂമിയും.
ചിറയുടെ ഉദ്ഘാടന വേളയിൽ ഇവിടെ സായന്തനങ്ങൾ ചിലവഴിക്കാനുള്ള പാർക്കുകൂടി നിർമിക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇരിപ്പിടങ്ങളും ലൈറ്റിങ് സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തി പാർക്കുകൂടി ഒരുക്കിയാൽ ചിറയും സംരക്ഷിക്കപ്പെട്ടേനെ. എന്നാൽ പ്രഖ്യാപനം വാക്കിലൊതുങ്ങി.