ബലാത്സംഗത്തെ തുടർന്ന് ബാലികയുടെ ആത്മഹത്യ: പ്രതിക്ക് മൂന്ന് ജീവപര്യന്തം
text_fieldsകൊട്ടാരക്കര: നിരന്തര ബലാത്സംഗത്തെതുടർന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തവും പത്തുവർഷം അധികതടവും നാല്പതിനായിരം രൂപ പിഴയും ശിക്ഷ.
കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് കുണ്ടറ സ്വദേശിയായ 72കാരനെ ശിക്ഷിച്ചത്.
മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരിയും അമ്മയും കുടുംബാംഗങ്ങളും ഉൾപ്പെടെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയ കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി.
പെൺകുട്ടിയുടെ മൂത്ത സഹോദരി മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയും നിർണായകമായി. 2017 ജനുവരി 15നാണ് പതിനൊന്നുകാരിയെ വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പതിനൊന്നും പതിമൂന്നും വയസ്സുളള സഹോദരിമാരും അമ്മയും പ്രതിയുടെ സംരക്ഷണയിലാണ് വളർന്നിരുന്നത്. പെൺകുട്ടികളെ അവരുടെ അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതി പൊലീസിൽ മൊഴി നൽകിയത്.
എന്നാൽ, വീട്ടുവഴക്കിനെ തുടർന്ന് 2015ൽ തന്നെ കുട്ടികളുടെ അച്ഛനെ വീട്ടിൽ എത്തുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു.
പെൺകുട്ടി മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് നിർണായകമായി.
കുണ്ടറ പൊലീസ് കേസെടുത്ത സംഭവം വിവാദമാവുകയും അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തുടർന്ന്, ഡി.വൈ.എസ്.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത് മുത്തച്ഛനാണെന്ന് കണ്ടെത്തിയത്. വിചാരണ വേളയിൽ കുട്ടിയുടെ അമ്മയും മൂത്ത സഹോദരിയും ഉൾപ്പെടെ ബന്ധുക്കളെല്ലാം മൊഴിമാറ്റി.
കേസ് ആദ്യം കൊല്ലം കോടതിയിലായിരുന്നു. അവിടെ മൂത്ത കുട്ടി മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിൽ തങ്ങളെ മുത്തച്ഛൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഇതാണ് കേസിൽ നിർണായകമായത്. അന്ന് മൊഴി രേഖപ്പെടുത്തിയ നിലവിലെ എറണാകുളം സി.ജെ.എമ്മിനെ ഉൾപ്പടെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി മൊഴിയെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഷുഗു സി.തോമസ് ഹാജരായി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷക പറഞ്ഞു.