വേനൽ ശക്തം: കിഴക്കൻമേഖല കുടിവെള്ളക്ഷാമത്തിൽ
text_fieldsകൊട്ടാരക്കര: വേനൽ ശക്തമായതോടെ കിഴക്കൻ മേഖല കുടിവെള്ളക്ഷാമത്തിൽ. വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി, കരീപ്ര, എഴുകോൺ, ഇളമാട്, പവിത്രേശ്വരം, കുളക്കട പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടങ്ങളിലെ മിക്ക കിണറുകളും വറ്റിയ നിലയിലാണ്. മേഖലയിലെ ജലജീവൻ പദ്ധതി, ജപ്പാൻ കുടിവെള്ള പദ്ധതി എന്നിവ നോക്കുകുത്തിയായി.
പുതിയ റോഡുകൾ കുത്തിപ്പൊളിച്ച് ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ കടത്തിവിട്ടെങ്കിലും മിക്കതും പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അവസ്ഥയും സമാനമാണ്. ഇത്തരത്തിൽ പൈപ്പ് ജലം പാഴാകുന്നതോടെ ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിക്കാൻ കഴിയാതെ വരുന്നു.
വേനൽസമയത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നില്ലെന്ന് വിളിച്ചറിയിച്ചിട്ടും ആഴ്ചകൾ കഴിഞ്ഞിട്ടാണ് പൊട്ടിയ പൈപ്പ് നന്നാക്കാൻ അധികൃതർ എത്തുന്നത്. അപ്പോഴേക്കും പുതിയതായി ടാറിങ് നടത്തിയ റോഡുകൾ വലിയ രീതിയിൽ പൊട്ടി കുഴികൾ രൂപപ്പെടും. ജലം കിട്ടാതായതോടെ നാട്ടുകാർ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന അവസ്ഥയാണ്.
ഒരാഴ്ചത്തേക്ക് 700 രൂപ കൊടുത്താണ് ജലം വാങ്ങുന്നത്. ആറുകളിൽ ജലനിരപ്പ് താഴ്ന്നു. വേനൽ ഇനിയും കടുത്താൽ ജലസ്രോതസുകൾ വറ്റിവരളും. വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പുല്ല് നൽകാനോ കഴിയാത്ത അവസ്ഥയാണ്. ഇതിനാൽ പലരും പശു, ആട്, പോത്ത് എന്നിവയെ കുറഞ്ഞ വിലക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനിയും വേനൽ കടുത്താൻ കർഷകർ കൂടുതൽ ബുദ്ധിമുട്ടിലേക്ക് പോകും.
പഞ്ചായത്തുകളും റവന്യൂ അധികൃതരും കൂടിയാലോചിച്ച ശേഷമേ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ടിപ്പറിൽ ജലം എത്തിക്കാനാവൂ. അടിയന്തരമായി അധികൃതർ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തിൽ വാഹനങ്ങളിൽ ജലം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.