സംസ്ഥാനത്തെ ആദ്യ ‘വര്‍ക്ക് നിയര്‍ ഹോം’ യാഥാർഥ്യമാകുന്നു
text_fieldsപ്രതീകാത്മക ചിത്രം
കൊട്ടാരക്കര: വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘വര്‍ക്ക് നിയര്‍ ഹോം’ പൂര്‍ത്തീകരണത്തിലേക്ക്. ഐ.ടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കൊട്ടാരക്കരയില്‍ തുടങ്ങുന്ന കേന്ദ്രത്തില്‍ 157 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാക്കുക,
ഗ്രാമപ്രദേശങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജോലിസ്ഥലങ്ങള്‍ നിര്‍മിച്ച് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്ക് വിദൂര ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിനും തൊഴിലിട ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം. ദീര്‍ഘദൂരം യാത്രചെയ്യാതെ വര്‍ക്ക് നിയര്‍ ഹോം സൗകര്യം ഉപയോഗപ്പെടുത്താമെന്നും തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന വീട്ടമ്മമാര്‍ക്കും യോഗ്യതക്ക് അനുസൃതമായി വീടിനടുത്ത് തൊഴില്‍ ലഭ്യമാകും.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്തുള്ള ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രത്തിന്റെ തുടക്കം. 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട്നില കെട്ടിടം പൂര്‍ത്തിയായി. വിശ്രമമുറി, വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ സൗകര്യമുള്ള കോണ്‍ഫറന്‍സ് റൂം, മീറ്റിംഗ് റൂം, കഫ്റ്റീരിയ, പ്രൈവറ്റ് ഓഫീസ് റൂം, പബ്ലിക് ഓഫീസ് റൂം, വൈഫൈ സൗകര്യം, സി.സി.ടി.വി നിരീക്ഷണം എന്നിവയ്ക്കൊപ്പം പാര്‍ക്കിങ്, ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കെ-ഡിസ്കിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. 5.2 കോടി രൂപയാണ് കിഫ്ബി പദ്ധതിക്കായി നല്‍കിയത്. വീട്ടിലിരുന്ന് ജോലിചെയ്യുന്നവര്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലിചെയ്യാനുള്ള സൗകര്യം നല്കാന് താൽപര്യമുള്ള സ്ഥാപനങ്ങള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. ഗ്രാമപ്രദേശങ്ങളിലെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് കെ - ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന് പറഞ്ഞു


