ഒഡിഷയിൽ നിന്ന് കഞ്ചാവ്: ഏഴംഗസംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് മൊത്ത വിതരണം നടത്തുന്ന സംഘത്തെ കൊട്ടിയം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ഒരു യുവതി ഉൾപ്പെടെയുള്ള ഏഴ് പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടാൻ ആയില്ലെങ്കിലും ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 20000 ത്തോളം രൂപയും രണ്ട് കാറുകളും ഗൂഗിൾ പേ പണമിടപാട് നടത്തിയതിന്റെ രേഖകളും കണ്ടെടുത്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് ആയിരുന്നു സംഘം കഞ്ചാവ് കൈമാറ്റം നടത്തിയിരുന്നത്രെ.
സംഘത്തിൽ പെട്ട എട്ടോളം പേരെ ഇനിയും പിടികിട്ടാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൊല്ലം പാരിപ്പള്ളി തെറ്റിക്കുഴി ആശാരി വിളയിൽ ഗോകുൽ ജിനാഥ് , ഉമയനല്ലൂർ കല്ല് കുഴി ഷിബിൻ മൻസിലിൽ ഷാനു , ചാത്തന്നുർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം അനിഴം വീട്ടിൽ സൂരജ് , വർക്കല മേൽ വെട്ടൂർ മന്ത്രി വിളാകത്തിൽ മുഹമ്മദ് മാഹീൻ , വർക്കല വെട്ടൂർ പുതിയ വീട്ടിൽ മുഹമ്മദ് താരീഖ്, വർക്കല വെട്ടൂർ സ്വദേശി മുഹമ്മദ് തസ് ലിം, തിരുവനന്തപുരം പാലോട് കരിമൺകോട്, മൈലാടി പുത്തൻ വീട്ടിൽ ആൻസിയ എന്നിവരാണ് പിടിയിലായത് . ആൻസിയ ലഹരി കച്ചവട രംഗത്തെ പ്രധാന കണ്ണികളിൽ ഒരാളാണ്. ബാക്കി ഉള്ളവർ വിതരണക്കാരും വാങ്ങാൻ എത്തിയവരും ആയിരുന്നു.
കൊട്ടിയത്തെ സ്വകാര്യ ആശുപത്രിക്ക്സമീപം ഇവർ രണ്ട് വാഹനങ്ങളിൽ എത്തി ലഹരി കൈമാറുന്നതിനായുള്ള ഒരുക്കങ്ങൾ നടത്തുന്ന സമയത്താണ് പൊലീസ് ഇവരെ വളഞ്ഞ് പിടി കൂടിയത്. പൊലീസ് വരുന്നുണ്ടോ എന്നറിയാൻ ഇവർക്ക് എസ്കോർട്ട് സംഘങ്ങളുമുണ്ട്. ഇവരാകും കഞ്ചാവ് സൂക്ഷിക്കുക. പൊലീസിന്റെ സാന്നിധ്യം മണത്തറിഞ്ഞ എസ്കോർട്ട് സംഘം കഞ്ചാവുമായി കടക്കുകയായിരുന്നു. ആശുപത്രി പരിസരമായതിനാൽ കാറുകൾ പാർക്ക് ചെയ്ത് അതിൽ ആളിരിക്കുന്നത് ആരും ശ്രദ്ധിക്കാറില്ല.
അതിനാലാണ് ഇവർ ലഹരി കച്ചവടത്തിനായി ആശുപത്രി പരിസരം തെരഞ്ഞെടുക്കുന്നത്. ഇവിടെ വച്ച് കച്ചവടം ഉറപ്പിച്ച് ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷം പൊളിടെക്നിക്കിനടുത്തെ ആളൊഴിഞ്ഞ ഭാഗത്തു കൊണ്ടുപോയി കഞ്ചാവ് കൈമാറുകയാണ് പതിവ് എന്ന് പറയപ്പെടുന്നു. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാസലഹരി എത്തിക്കുന്ന പ്രധാന ഇടനിലക്കാരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ ഷാനുവിന്റെ സഹോദരനാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊടുത്തു വിടുന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡാൻസാഫ് ടീമിനെ കൂടാതെ ചാത്തനൂർ എ.സി.പി അലക്സണ്ടർ തങ്കച്ചൻ , കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപ് , എസ്.ഐ നിതിൻ നളൻ, ജോയ്, എ.എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ രമ്യ, സി.പി. ഒമാരായ ചന്ദു, ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.